എനിക്ക് ആ പെണ്ണിന്റെ അമ്മയെ ഇഷ്ടമായില്ല… അതുകൊണ്ട് ഈ കല്യാണം വേണ്ട എന്ന് വെച്ചു..

രചന : കാളിദാസൻ

   

ജാതകം (ചെറുകഥ)

❤❤❤❤❤❤❤

എന്തുപറ്റി ശാരദേ ആ കല്യാണം ഒഴിഞ്ഞു പോയത്…. നല്ലൊരു ബന്ധമായിരുന്നല്ലോ അത്…

അവർ നാട്ടിൽ അറിയപ്പെടുന്ന ഒരു പണക്കാരായിരുന്നല്ലോ… എല്ലാം ശരിയായതാണെന്നല്ലേ പറഞ്ഞത് പിന്നെന്തുപറ്റി….

ഒന്നുമില്ല ശോഭ അവർക്ക് പണത്തിന്റെതായ ഹുങ്ക്… ഒരുപാട് സ്ത്രീധനമൊക്കെ തരാമെന്ന് പറഞ്ഞതാണ്….ഞാൻ പറഞ്ഞു വേണ്ട എന്ന്…

അതെന്താ ജാതകം ചേരില്ലേ …

ജാതകമൊക്കെ 10 ൽ 8 പൊരുത്തമുണ്ട്… പക്ഷേ അവളുടെ വീട്ടുകാർക്ക് ഭയങ്കര അഹങ്കാരമാണ്… എന്റെ മോന് ഞാൻ അതിലും നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കും…

ജാതകത്തിൽ അത്രയും ചേർച്ച ഉണ്ടെങ്കിൽ അത് നടത്താൻ വയ്യായിരുന്നോ… പെണ്ണ് താമസിക്കുന്നത് ഇവിടെ അല്ലേ… വീട്ടുകാർക്ക് ജാഡ ആണെങ്കിൽ നമുക്ക് എന്ത്….

ഓ എനിക്ക് ശരിക്കും ഇഷ്ടമായില്ല…. പെണ്ണ് കൊള്ളാം തരക്കേടില്ല… പെണ്ണിന്റെ അമ്മയാണ് പ്രശ്നം…

എന്താ പ്രശ്നം…

ഓ അവര് ഭയങ്കര അഹങ്കാരിയാണ് … അവളുടെ ഒരു പത്രാസ്…ഹും….. ശാരദ കിറി കോട്ടി…

അതായിരുന്നോ പ്രശ്നം.. പെണ്ണ് എന്തായാലും ഇവിടെയാണ് താമസിക്കുന്നത് പിന്നെ പെണ്ണിന്റെ അമ്മയെ കാണണ്ട ആവശ്യമില്ലല്ലോ…

എന്റെ മൂത്ത മകന്റെ ഭാര്യ,,അവൾ ഞാൻ പറയുന്നതിന് അപ്പുറം പോകില്ല….അവളെപ്പോലെ ഇവൾക്ക് അനുസരണ ഉണ്ടെന്നു തോന്നുന്നില്ല…

ആ….നിന്റെ അമ്മായിമ്മപ്പോര് ഇപ്പോൾ നാട്ടിൽ പാട്ടാണ്… ഞാനും കുറെ കേട്ടിരിക്കുന്നു… ശോഭ ചിരിച്ചു..

ഓ….എന്തു പോര്… മരുമക്കളെ വരച്ചവരയിൽ നിർത്തണം അല്ലെങ്കിൽ അവർ കുടുംബം മുടിക്കും….

എന്നിട്ട് നിന്റെ അമ്മായിഅമ്മയെ നീയാണല്ലോ വരച്ച വരയിൽ നിർത്തിയത്…

അത് പിന്നെ എന്റെ തലയിൽ കയറാൻ വന്നാൽ പിന്നെ ഞാൻ എന്തു ചെയ്യണം…

ആഹാ അപ്പോൾ നിനക്കാകാം അവർക്ക് ആയിക്കൂടാ… അതൊക്കെ പോട്ടെ എന്താണ് ശരിക്കും കല്യാണം മുടങ്ങാൻ കാര്യം…

അത് ഞാൻ പറഞ്ഞില്ലേ അവിടുത്തെ പെണ്ണിന്റെ അമ്മയെ എനിക്ക് ഇഷ്ടമായില്ല… അതുകൊണ്ട് ഈ കല്യാണം വേണ്ട എന്ന് വെച്ചു….

ശാരദയുടെ ഭർത്താവ് പണിക്കർ ഇതെല്ലാം കേട്ടുകൊണ്ട് ചാരുകസേരയിൽ ഒരു ചെറുചിരിയോടെ ഇവരുടെ സംസാരം ശ്രദ്ധിച്ചു കിടക്കുകയായിരുന്നു..

അദ്ദേഹത്തിന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ശോഭ അദ്ദേഹത്തോട് ആരാഞ്ഞു…

എന്താ പണിക്കരേട്ടാ..എന്താണ് ശരിക്കും പ്രശ്നം…. നല്ലൊരു ബന്ധം ഈയൊരു ചെറിയ കാരണത്തിന്റെ പേരിൽ എങ്ങനെ മുടങ്ങി….

ശോഭ അതൊന്നുമല്ല പ്രശ്നം…

അദ്ദേഹം പറയാൻ തുടങ്ങിയപ്പോൾ ശാരദ ദേഷ്യപ്പെട്ടു പറഞ്ഞു…

ദേ മനുഷ്യ…. മിണ്ടാതിരുന്നോ……

അപ്പോൾ കാര്യമായി എന്തോ പ്രശ്നം ഉണ്ടല്ലോ പണിക്കരേട്ടാ… എന്താണെങ്കിലും പറയൂ കേൾക്കട്ടെ….

എനിക്ക് അടുക്കളയിൽ ജോലിയുണ്ട്… നിങ്ങൾ സംസാരിച്ചിരുന്നോ ഞാൻ പോണു… ശാരദ അല്പം ദേഷ്യത്തോടെ നടന്ന് അടുക്കളയിലേക്ക് പോയി…

ദേ ശോഭേ…അവൾ അടുക്കളയിൽ ജോലി ചെയ്യാൻ പോയതല്ല….മൂത്ത മരുമോളെ കൊണ്ട് ജോലി എടുപ്പിക്കാൻ പോയതാ…. ഇത് പറഞ്ഞ് പണിക്കർ പൊട്ടിച്ചിരിച്ചു….

അല്ല പണിക്കരേട്ടാ…ഇതുവരെ കാര്യം പറഞ്ഞില്ല എന്താണെന്ന്…

അത് പിന്നെ ശോഭേ…. ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു…. ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു….

അവൾക്കും പെണ്ണിനെ ഇഷ്ടപ്പെട്ടു… അവർ സാമ്പത്തികമായി നമ്മളെക്കാൾ കുറച്ചു കൂടിയ കുടുംബക്കാരാണ്…അവർക്ക് ചെറുക്കനെ ഇഷ്ടപ്പെട്ടു,, അതുകൊണ്ടാണ് അവർ കല്യാണത്തിനു സമ്മതിച്ചത്.

പരസ്പരം ജാതകം എല്ലാം കൈമാറി….പെണ്ണിന്റെയും ചെറുക്കന്റെയും ജാതകം തമ്മിൽ ചേർത്തു നോക്കി….10 ൽ 8 പൊരുത്തം ഉണ്ട്….

ഉവ്വ്… ശാരദ അത് പറഞ്ഞു…

ഞങ്ങൾ സ്ത്രീധനമായി ഒന്നും ചോദിച്ചില്ല,,പക്ഷേ അവർ അറിഞ്ഞു തന്നെ തരാമെന്ന് പറഞ്ഞു…

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പെണ്ണിന്റെ അച്ഛൻ എന്നെ വിളിച്ചിട്ട് സ്ത്രീധനകാര്യം സംസാരിച്ചു… അത് നല്ല രീതിയിൽ തന്നെ ഉ=ണ്ടായിരുന്നു….

പിന്നെന്താ പണിക്കരേട്ടാ പ്രശ്നം…

ഇനിയാണ് പ്രശ്നമുണ്ടായത്…. ഈ ലോകത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം പറഞ്ഞ് പെണ്ണിന്റെ അമ്മ വാശി പിടിച്ചു…. അത് കേട്ടപ്പോൾ മുതൽ ഇവൾ ഈ ബന്ധം വേണ്ടയെന്ന് പറഞ്ഞു നടക്കുകയാണ്…. ഈ കല്യാണം നടക്കുകയാണെങ്കിൽ കെട്ടിത്തൂങ്ങി ചാകുമെന്ന് വരെ അവൾ മോനോട് പറഞ്ഞു…

അതെന്ത് പണിക്കരേട്ട… അങ്ങനൊരു കാര്യം…

ഒന്നുമില്ല ശോഭേ…. ചെറുക്കന്റെയും പെണ്ണിന്റെയും ജാതകം ഒത്തുനോക്കി കൊള്ളാം….

അപ്പോഴാണ് പെണ്ണിന്റെ അമ്മ പറഞ്ഞത്…

“ചെറുക്കന്റെ അമ്മയുടെ ജാതകവും പെണ്ണിന്റെ ജാതകം തമ്മിൽ ഒത്തു നോക്കണം എന്ന്…..”

അതുകേട്ട് ശോഭ കണ്ണും തള്ളിയിരുന്നു…..

അവര് പറയുന്നതിൽ ന്യായമുണ്ട്… ചെറുക്കന്റെയും പെണ്ണിന്റെയും ജാതകം തമ്മിൽ ഒത്തു നോക്കി ജാതകത്തിൽ ഇത്തിരി ചേർച്ചക്കുറവ് ഉണ്ടെങ്കിലും അവർ തമ്മിൽ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് പൊയ്ക്കോളും…. മിക്ക കുടുംബത്തിലും കയറിയി:വരുന്ന മരുമകളുടെ ജീവിതം തീരുമാനിക്കുന്നത് അമ്മായിയമ്മമാർ ആണല്ലോ….. അതുകൊണ്ട് അമ്മായിയമ്മയും മരുമോളും തമ്മിലുള്ള ജാതകം ഒക്കെ ആണെങ്കിലേ ഈ കല്യാണത്തിന് സമ്മതിക്കു എന്ന് പറഞ്ഞു…. അത് കേട്ടതോടെ അവിടെ ഗ്യാസ് പോയി…. പണിക്കർ പൊട്ടിച്ചിരിച്ചു….

ഇത് കേട്ട് ശോഭ പതിയെ അവിടെ നിന്നെഴുന്നേറ്റു….

ശോഭ പൂവാണോ… ഊണ് കഴിച്ചിട്ട് പോകാം…..

വേണ്ട പണിക്കർ ഏട്ടാ മരുമകളെ ജോലി ഏൽപ്പിച്ചതാണ് ഞാൻ ഇങ്ങോട്ട് പോന്നത് അവളവിടെ അവിടെ എന്ത് കാണിച്ചു വെച്ചിട്ടുണ്ടോ എന്തോ… ഞാനില്ലെങ്കിൽ അവൾ പണിയൊന്നും ചെയ്യില്ല..

ആ ബെസ്റ്റ്…..അപ്പൊ എല്ലാം കണക്കാണ്… പണിക്കർ ചാരുകസേരയിൽ കിടന്ന് പൊട്ടിച്ചിരിച്ചു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : കാളിദാസൻ

Scroll to Top