എന്നെ മഹിയേട്ടന് ശരിക്കും ഇഷ്ടം തന്നെയാണോ, അതോ അനാഥയോടുള്ള സഹതാപമോ?

രചന : ശ്രീക്കുട്ടി

   

അവൾ

❤❤❤❤❤❤❤❤

അമ്മയുടെ കയ്യിലെ നിലവിളക്ക് വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെയും അമ്മയുടെയും ഒഴിച്ച് എല്ലാവരുടെ മുഖങ്ങളിലും കാണാൻ കഴിഞ്ഞത് എന്തോ ഒരു അവജ്ഞയോ സഹതാപമോ ഒക്കെയായിരുന്നു. അതെന്നെപോലെതന്നെ അവളും ശ്രദ്ധിച്ചിരുന്നു എന്നത് അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

അത്യാവശ്യം മോശമല്ലാത്ത സാഹചര്യത്തിൽ ജനിച്ചുവളർന്ന , ഉയർന്ന ജോലിയും സാലറിയും ഉള്ള എനിക്ക് ഏറ്റവും മികച്ച ബന്ധം തന്നെ കിട്ടുമായിരുന്നിട്ട് കൂടി ഞാൻ തിരഞ്ഞെടുത്തത് ആരോരുമില്ലാത്ത ഒരു അനാഥപെൺകുട്ടിയെ ആണെന്നത് ആർക്കും അത്ര ദഹിച്ചിട്ടുണ്ടായിരുന്നില്ല

വലതുകാൽ വച്ച് കയറിവാ മോളെ..

അവളുടെ മനസ്സറിഞ്ഞത് പോലെ ആ കൈപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു. അമ്മയുടെ കയ്യിലെ വിളക്ക് വാങ്ങി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ അമ്മയുടെ പിന്നാലെ അകത്തേക്ക് കയറി.

ഇത്രക്ക് വേണമായിരുന്നോ മഹി ???

പതിയെ എന്നെ തോണ്ടിവിളിച്ചുള്ള അമ്മായിയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച് ഞാനും അകത്തേക്ക് നടന്നു. പൂജാമുറിയിൽ അവളോട് ചേർന്നു നിന്ന് കൈകൾ കൂപ്പിയപ്പോഴും എന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു. ആ അടഞ്ഞമിഴികൾ തൂകിയൊഴുകിയിരുന്നു.

രാത്രിയിൽ അഥിതികളെല്ലാം പോയശേഷം ഞാൻ മുറിയിലേക്ക് വരുമ്പോൾ ബെഡിൽ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു അവൾ. ഡോർ അടയുന്ന ശബ്ദം കേട്ട് ഒരു ഞെട്ടളോടെ അവൾ പിടഞ്ഞെണീറ്റു.

താനെന്താടോ ഇങ്ങനെ പേടിച്ചു നിക്കുന്നത് ???

ചിരിയോടെയുള്ള എന്റെ ചോദ്യത്തിനു മുന്നിലും അവളുടെ മിഴികൾ നനഞ്ഞിരുന്നു. അവളെന്തോ പറയാൻ തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പി.

മഹിയേട്ടന് ശരിക്കും എന്നെ ഇഷ്ടം തന്നെയാണോ??

അതോ ഒരു അനാഥയോടുള്ള സഹതാപമാണോ ?

പെട്ടന്ന് അവൾ ചോദിച്ചു.

ഒരു ചെറുചിരിയോടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് ഞാൻ പതിയെ പറഞ്ഞു തുടങ്ങി…

അനാഥക്കുഞ്ഞുങ്ങൾക്ക് മിട്ടായി പൊതികളുമായി കരുണയുടെ പടികടന്നെത്തിയിരുന്ന മഹേഷിനെ മാത്രമേ തനിക്കറിയൂ. ഒന്നര വർഷമായി ഹിമ എന്ന പെൺകുട്ടിയെ പിന്തുടർന്ന് സ്നേഹിച്ചിരുന്ന മഹേഷിനെ താനറിയില്ല. പക്ഷേ കരുണയിലെ ഫാദറിന് അറിയാം.

ഒന്നരവർഷം മുൻപ് ഒരു ബസ്റ്റാണ്ടിൽ അനാഥകുഞ്ഞുങ്ങളുടെ ഭക്ഷണത്തിനും മറ്റുമായി ബക്കറ്റ് പിരിവ് നടത്തുന്ന പെൺകുട്ടി ആദ്യം ഒരു കൗതുകമായിരുന്നു. പിന്നീടെപ്പോഴോ ഞാൻ അവളെ മോഹിച്ചുതുടങ്ങി. അവളെപ്പറ്റിയുള്ള എന്റെ അന്വേഷണം അവസാനിച്ചത് കരുണ എന്ന അനാഥാലയത്തിൽ ആയിരുന്നു.

ഒരനാഥപെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് പറയുമ്പോൾ അമ്മയിൽ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിങ്കിലും എന്റെ അമ്മ എന്റെ മനസ്സറിഞ്ഞ് തന്നെ സ്വീകരിച്ചു. അല്ലാതെ ഒരിക്കലും സഹതാപം കൊണ്ടല്ല ഞാൻ തന്റെ കഴുത്തിൽ ഈ താലികെട്ടി തന്നെ സ്വന്തമാക്കിയത്. ആരോരുമില്ലാത്ത എന്റെയീ പെണ്ണിന്റ എല്ലാം , എല്ലാരും ആവാൻ വേണ്ടിതന്നെയാണ്.

എല്ലാം കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലെക്ക് വീണ അവളെ നെഞ്ചോടുചേർത്ത് പിടിക്കുമ്പോൾ എന്റെ കണ്ണുകളും നനഞ്ഞിരുന്നു.

ഇനിയെങ്കിലും ഈ കണ്ണുതുടച്ച് ഒന്നു ചിരിക്കെടോ..

അവളുടെ കണ്ണുതുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.

നനഞ്ഞ മിഴികളുയർത്തി എന്നെ നോക്കിയുള്ള

അവളുടെ പുഞ്ചിരിക്ക് അപ്പോൾ പ്രത്യാശയുടെ തിളക്കമായിരുന്നു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീക്കുട്ടി

Scroll to Top