രചന : റഹീം പുത്തൻചിറ…
അതിരാവിലെ പെയ്ത മഴയുടെ കുളിർമയിൽ പുതച്ചുമൂടി കിടക്കുമ്പോഴാണ് അവൾ വന്നു ചെവിയിൽ പറഞ്ഞത്
“നോക്ക്… ഇന്നു എന്റെ അച്ഛനും അമ്മയും വരുന്നതല്ലേ പോയി ഇറച്ചി വാങ്ങിക്കൊണ്ട് വായോ”…
“കുറച്ചു കൂടി കഴിയട്ടെ… എന്നിട്ട് പോകാം.”
“ഇപ്പോൾ തന്നെ സമയം ഒരുപാടായി… നേരം വൈകിയാൽ കിട്ടില്ല… ചെല്ല്”.എന്നെ പിടിച്ചു തള്ളിക്കൊണ്ട് അവൾ പറഞ്ഞു.
മനസ്സില്ലാ മനസോടെ എഴുന്നേറ്റ് അവളുടെ വയറിൽ കൈ ചുറ്റി എന്നിലേക്ക് അടുപ്പിച്ചു…
“ചെല്ല് മനുഷ്യ”… അതും പറഞ്ഞു തന്റെ കൈ മാറ്റി അവളെന്നെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് കയറ്റി..
“ചായ വേണോ..
“വേണ്ടാ വന്നിട്ട് മതി..
ബ്രെഷ് ചെയ്ത് ഡ്രെസ് മാറ്റി നേരെ തൊട്ടടുത്ത ജംഗ്ഷനിലേക്ക് നടന്നു…മഴ തോർന്നെങ്കിലും ചെറിയ കാറ്റിൽ ഇലകളിൽ തങ്ങി നിൽക്കുന്ന വെള്ളം മേലെ വീഴുമ്പോൾ നല്ലൊരു സുഖം തോന്നിയിരുന്നു…എതിരെ വന്ന പരിചയക്കാർക്ക് ഒരു ചിരി സമ്മാനിച്ചു പതിയെ നടന്നു… ചിലർ തന്നെ ആദ്യം കാണുന്ന പോലെയാണ് നോക്കുന്നത്…
അവർക്കും എന്റെ നല്ലൊരു ചിരി സമ്മാനിച്ചു.
കോയക്കാടെ കടയിൽ നിന്നും ഇറച്ചിയും പൈലി ചേട്ടന്റെ കടയിൽ നിന്നും പലചരക്ക് സാധനങ്ങളും വാങ്ങി തിരികെ വീട്ടിലേക്ക് .
തന്നെയും കാത്തു അവൾ ഗേറ്റിൽ തന്നെയുണ്ടായിരുന്നു… അവളെപ്പോഴും അങ്ങിനെയാണ്…ഞാൻ പുറത്തുപോയി വീട്ടിലേക്ക് വരുമ്പോൾ എപ്പോഴും ഗേറ്റിൽ തന്നെ കാണും.തന്നെയും കാത്ത് ചെറു ചിരിയോടെ…
“എവിടെ പോയതാ”… അയൽ വക്കത്തെ ശ്യാമളേച്ചി വിളിച്ചു ചോദിച്ചു…
“ഇറച്ചി വാങ്ങാൻ പോയതാ.. ഇന്ന് ഇവളുടെ അച്ഛനും അമ്മയും വരുന്നുണ്ട്”…
അവളെയും ചേർത്തുപിടിച്ചു അകത്തോട്ടു നടക്കുമ്പോൾ ഞാൻ വിളിച്ചു പറഞ്ഞു.എന്റെ മറുപടി ഇഷ്ടപ്പെടാത്തത് കൊണ്ടാണോന്നറിയില്ല അവർ എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ചായയുണ്ടാക്കി കുടിക്കുമ്പോൾ അവൾ അടുക്കളയിൽ കാര്യമായി എന്തോ തിരക്കിലായിരുന്നു. അവധി ദിവസങ്ങളിൽ അവളുടെ കൂടെ അടുക്കളയിൽ ഞാനും കൂടുമായിരുന്നു.
കൊണ്ടുവന്ന ഇറച്ചി നുറുക്കി കഴുകി വൃത്തിയാക്കി കറി വെക്കുമ്പോൾ അവൾ പുറത്തു പറമ്പിൽ ഇല മുറിക്കുന്നുണ്ടായിരുന്നു .
മസാലയുടെ മണം മൂക്കിലടിച്ചപ്പോഴാണ് അവൾ വന്ന് കൈ നീട്ടിയത്… അവളുടെ കയ്യിൽ ഞാനുണ്ടാക്കിയ ഇറച്ചി ചാറു ഒഴിക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽപ്പായിരുന്നു ….
“നിങ്ങൾ പൊളിയാണ് മനുഷ്യ… നിങ്ങൾ എന്തു വെച്ചാലും നല്ല ടേസ്റ്റ് ആണ്…” ഞാനുണ്ടാക്കിയ എന്തു കഴിച്ചാലും അവൾ ഇതു തന്നെയാണ് പറയുക…അതു പറയുമ്പോൾ അവളുടെ മുഖത്തെ ഭാവങ്ങൾ കാണാൻ നല്ല രസമാണ്…
കുളിച്ചു ഫ്രഷ് ആയി പത്രം വായിക്കാൻ ഇരിക്കുമ്പോഴാണ് അവർ വന്നത്… അവളുടെ അച്ഛനും അമ്മയും മാത്രമായിരുന്നില്ല.. കൂടെ എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു… എല്ലാവരേം ഒരുമിച്ച് കണ്ട സന്തോഷത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു… കൂടെ അവളുടെയും. അവരെ സ്വീകരിച്ചിരുത്തി ചായയുണ്ടാക്കാൻ ഞാൻ അടുക്കളയിൽ കയറി… അവൾ അപ്പോഴും അവരോട് കിന്നരിച്ചു നിൽക്കുന്നുണ്ടായിരുന്നു…അല്ലങ്കിലും അവളുടെ വീട്ടുകാർ വന്നാൽ അവർ പോകുന്ന വരെ അവൾക്ക് ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടാകും…
അന്നത്തെ ദിവസം അവളെ ശല്യം ചെയ്യാൻ പാടില്ല… അതാണ് ഓർഡർ…
ചായയും. ബിസ്കറ്റും കൊണ്ട് ടീപ്പോയിൽ വെയ്ക്കുമ്പോൾ എല്ലാവരും മുഖത്തോട് മുഖം നോക്കുന്നുണ്ടായിരുന്നു… ആരും ഒന്നും സംസാരിക്കുന്നില്ല… അവൾ അവരുടെ ചാരെ തന്നെ ഇരിക്കുന്നുണ്ട്.. അവളുടെ മുഖത്തും വിഷമം പോലെ…
എന്തുപറ്റി ഞാൻ അവളോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു… അവൾ ഒന്നും പറയാതെ തല താഴ്ത്തി… അവളുടെ അച്ഛനും അമ്മയും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ..
അച്ഛൻ വന്നു കെട്ടിപ്പിടിച്ചു കരഞ്ഞപ്പോഴും എനിക്കൊന്നും മനസ്സിലായില്ല…
“നിനക്ക് ഞങ്ങളുടെ കൂടെ വന്നു താമസിച്ചൂടെ… ഒറ്റക്കിങ്ങനെ താമസിക്കണോ…
അല്ലങ്കിൽ ഞങ്ങൾ ഇവിടെ വന്നു നിൽക്കാം”…
“ഒറ്റക്കോ… അച്ഛനെന്താ പറയുന്നേ… ഞങ്ങൾ എങ്ങിനെയാ അവിടെ വന്നു താമസിക്കുക…
അതു അവർക്ക് ബുദ്ധിമുട്ടല്ലേ… വാടക വീട് ആണേലും ഞങ്ങൾ ഇവിടെ താമസിച്ചോളാം…അച്ഛനും അമ്മയ്ക്കും എപ്പോൾ വേണേലും ഇവിടെ വരാലോ.”.. അതു പറയുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു
“എന്താണ് നീ പറയണേ… എത്ര നാളാ നീ ഇങ്ങനെ ഒറ്റക്ക് കഴിയ… ഞങ്ങൾക്കറിയാം നീ അവളെ ഒരുപാട് സ്നേഹിച്ചിരുന്നെന്നു … പക്ഷെ… അവൾ പോയി… അവൾ നമ്മളെ വിട്ടു പോയി…അതെന്താ നീ മനസ്സിലാക്കാത്തെ” അവളുടെ അമ്മയുടെ വാക്കുകളായിരുന്നു അത്…അവർ ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു
“പോയെന്നോ.. അവൾ എവിടെ പോകാൻ..
അവൾക്ക് പറ്റോ എന്നെ വിട്ട് പോകാൻ…
ഇല്ല… അത് നിങ്ങൾക്കറിയുന്നതല്ലേ… അവൾ എന്റെ കൂടെയുണ്ട്.. ഇവിടെ തന്നെ… ഞാൻ ഒറ്റക്കല്ല… ഞാൻ ഒറ്റക്കല്ല.”..അതും പറഞ്ഞു ഞാൻ സോഫയിൽ ഇരുന്നു…
“ഞങ്ങൾക്കെല്ലാം അറിയാം മോനെ…മറ്റുള്ളവർക്ക് ഒരു കോമാളിയാകാൻ മോനിങ്ങനെ നിന്നു കൊടുക്കണോ” അവളുടെ അച്ഛൻ അടുത്തിരുന്നു അത് പറയുമ്പോൾ കരയുന്നുണ്ടായിരുന്നു…
“മോനെ അവൾ നിന്റെ മനസ്സിലുണ്ടാകാം…
പക്ഷെ അവൾ ഈ ഭൂമിയിൽ ഇല്ല.അത് നീ ഉൾക്കൊള്ളണം.”അമ്മയുടെ വാക്കുകളായിരുന്നു അത്
“അമ്മേ… ഞാൻ അവളെ ഇപ്പോഴും സ്നേഹിക്കുന്നു… മറ്റുള്ളവർ എന്തു വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല.. അവൾ എന്റെ കൂടെ തന്നെയുണ്ട്.. ഞാൻ ഒറ്റക്കല്ല… പിന്നെ ഞാൻ ഭക്ഷണം കഴിക്കുന്നുണ്ട്… കുളിക്കുന്നുണ്ട്..
ജോലിക്ക് പോകുന്നുണ്ട്… എല്ലാം ചെയ്യുന്നുണ്ട്…
ആർക്കും ഒരു ബുദ്ധിമുട്ടും വരുത്തുന്നില്ല…
പക്ഷെ ഈ വീട്ടിൽ ഞാനും അവളും ഒരുമിച്ചാണ്… അവളില്ലാതെ എനിക്ക് ഒറ്റക്ക് പറ്റില്ല
നിങ്ങൾ വിഷമിക്കേണ്ട… ഞാൻ ഇങ്ങനെ കഴിഞ്ഞോളാം”… അയാൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു…
ഭക്ഷണം കഴിച്ചു അവർ പോകാനിറങ്ങി.. ഗേറ്റ് വരെ ഞാനും കൂടെ ചെന്നു.. തിരിച്ചു വരുമ്പോൾ അവൾ റൂമിൽ തന്നെ ഇരിപ്പുണ്ട്… അല്ലങ്കിലും അവരെ യാത്ര അയക്കുന്നത് അവൾക്ക് ഇഷ്ടമല്ല..
അവൾ കരയും… എന്റെ മുന്നിൽ കരയുന്നത് അവൾക്ക് ചമ്മലാണ്… ഞാൻ അവളെ അതും പറഞ്ഞു കളിയാക്കുമെന്ന് അവൾക്ക് നന്നായി അറിയാം….
അവളുടെ അടുത്തിരുന്നു അവളെ തന്നോട് ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു….
അവൾ എന്റെ കൂടെ തന്നെയുണ്ട്.ഞാൻ ഒറ്റക്കല്ല….. മനസ്സ് എപ്പോഴും അത് മന്ത്രിക്കുന്നുണ്ടായിരുന്നു..
(ചിലർ നമ്മളെ വിട്ടു പിരിഞ്ഞാലും നമ്മുടെ ഓർമ്മയിൽ അവർ എന്നും ജീവിക്കുന്നുണ്ട് )
ലൈക്ക് കമന്റ് ചെയ്യണേ
രചന : റഹീം പുത്തൻചിറ…