തല്ക്കാലം ഞാൻ പറയുന്നത് കേട്ടാൽ മതി.. അപ്പച്ചന് ഇവിടെ പ്രത്യേകിച്ച് ജോലി ഒന്നുമില്ലല്ലോ..

രചന : സജി തൈപ്പറമ്പ്.

   

അപ്പച്ചാ.. ഇതാ റേഷൻ കാർഡ്, ഇന്ന് ചെന്നില്ലെങ്കിൽ മണ്ണെണ്ണ കിട്ടില്ല ,വേഗം പോയിട്ട് വാ

തന്നെ കൊണ്ടേല്പിച്ച റേഷൻ കാർഡ് കയ്യിൽ പിടിച്ച് കൊണ്ടയാൾ മരുമോളെ ദയനീയതയോടെ നോക്കി

മോളെ… സാജൻ മോന് ഇന്ന് ക്ളാസില്ലല്ലോ? അവനോടൊന്ന് പോകാൻ പറഞ്ഞൂടെ? അപ്പച്ചന് തീരെ നടക്കാൻ വയ്യ, അത് കൊണ്ടാണ്

അവന് ഓൺലൈൻ ക്ളാസ്സുണ്ട് ,മുറിയിലിരുന്നവൻ പഠിക്കുന്നത് കണ്ടില്ലേ ?

ഇവിടെയിങ്ങനെ ചടഞ്ഞ് കൂടി ഇരിക്കാതെ ,ഒന്ന് വേഗം പോയിട്ട് വാ

മരുമോളുടെ സംസാരത്തിൻ്റെ ടോൺ മാറിയപ്പോൾ അയാൾ പതിയെ എഴുന്നേറ്റ് അകത്ത് പോയി ജൂബ്ബയെടുത്ത് ധരിച്ച് കൊണ്ട് പുറത്തേയ്ക്കിറങ്ങി

❤❤❤❤❤❤❤❤❤

മൂന്ന് മാസം മുമ്പ് വരെ ,ഭാര്യ ശോശാമ്മയോടൊപ്പം തറവാട്ടിലായിരുന്നു റിട്ട: വില്ലേജോഫീസറായിരുന്ന മാത്യു ജോസഫ് എന്ന മത്തായിച്ചൻ

പെട്ടെന്നുണ്ടായ അസുഖം മൂലം ഭാര്യ മരിച്ചപ്പോൾ മകൻ ജോർജ്ജാണ് അപ്പച്ചനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്

ആദ്യ ദിവസങ്ങളിലൊക്കെ മോനും മരുമകളും തന്നെ മത്സരിച്ച് സ്നേഹിക്കുന്നത് കണ്ടപ്പോൾ

ഭാര്യയുടെ വേർപാടിൽ മരവിച്ചിരുന്ന അയാൾക്ക് അതൊരു വലിയ ആശ്വാസമായിരുന്നു

പക്ഷേ ആ സന്തോഷം അധികനാൾ നീണ്ട് നിന്നില്ല

തറവാട് വെറുതെ കിടന്ന് കാട്കയറുവല്ലേ? ഇനി എന്തായാലും അപ്പച്ചനെ ഞങ്ങളങ്ങോട്ട് തനിച്ച് താമസിക്കാൻ വിടില്ല,

അപ്പോൾ പിന്നെ വീടും സ്ഥലവും ആർക്കെങ്കിലും വിറ്റിട്ട് ,ആ കാശ് അപ്പച്ചൻ്റെ അക്കൗണ്ടിലിടുന്നതല്ലേ നല്ലത്

ഒരു ദിവസം പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ മകനത് പറഞ്ഞപ്പോൾ അതാണ് നല്ലതെന്ന് അയാൾക്കും തോന്നി

തനിക്കേതായാലും ഒറ്റയ്ക്കൊരു ജീവിതം ഇനി സാധ്യമല്ല ,ഭാര്യയെ ആശ്രയിച്ച് ഇത്രനാളും ജീവിച്ച തനിക്ക് ഇനിയുള്ള ആശ്രയം മുഴുവൻ മകനും മരുമകളുമാണെന്ന തിരിച്ചറിവാണ്, തറവാട് വിറ്റ് കിട്ടിയ കാശ് മകൻ്റെ അക്കൗണ്ടിലേക്കിട്ട് കൊള്ളാൻ അവരോട് പറയാൻ അയാൾക്ക് തോന്നിയത്

അതിന് ശേഷമാണ് അവർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് വന്ന് തുടങ്ങിയതെന്ന് അയാൾക്ക് മനസ്സിലായി തുടങ്ങിയത്

അത് വരെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്ത് എത്തിച്ചേരുന്ന സ്കൂൾ ബസ്സിൽ മകളെ കയറ്റി വിടാൻ പൊയ്ക്കൊണ്ടിരുന്ന മരുമകൾ ആ ജോലി തന്നെ ഏല്പിച്ചതോടെ അയാൾക്ക് സംശയമേറി

റിട്ടയർമെൻ്റിന് ശേഷം വീട്ടിൽ തന്നെ ചടഞ്ഞ്‌ കൂടിയിരുന്ന് ശീലിച്ച മത്തായി,

ആഴ്ചയിലൊരിക്കൽ കവലയിലെ ലൈബ്രറിയിലൊന്ന് പോകുന്നതൊഴിച്ചാൽ, ബാക്കിസമയം മുഴുവൻ വിശ്രമം തന്നെയായിരുന്നു.

ഭാര്യ ശോശാമ്മ കീ കൊടുത്ത പാവയെ പോലെ, വീട്ടിലും പറമ്പിലും ഓടിനടന്ന് ഓരോന്ന് ചെയ്ത് കൊണ്ടിരുന്നത് കൊണ്ട് ,വീട്ട്കാര്യങ്ങളൊക്കെ തടസ്സമില്ലാതെ നടന്ന് പൊയികൊണ്ടിരുന്നു

വൈകുന്നേരം കൃത്യം നാല് മണിയാകുമ്പോൾ, മോളുടെ ബസ്സ് തിരിച്ചെത്തും, അപ്പച്ചൻ തന്നെ അവളെ മറക്കാതെ പോയി വിളിച്ചോണ്ട് വരണം കെട്ടോ?

പേരക്കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അവശനായി തിരിച്ച് വന്ന മത്തായി ,

ഉമ്മറത്ത് കിടന്ന കസേരയിലേക്കൊന്നമരുമ്പോഴാണ് ,മരുമകളത് പറഞ്ഞത് .

മോളേ…, അത്രയും ദൂരം രാവിലെ നടന്നപ്പോൾ തന്നെ അപ്പച്ചൻ്റെ കാല് വേദനിക്കുന്നു ,ഇനി വൈകുന്നേരം മോള് തന്നെ പോയാൽ മതി

എനിക്കിവിടെ നൂറ്കൂട്ടം പണിയുള്ളതാ ,അപ്പച്ചന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലല്ലോ? തല്ക്കാലം ഞാൻ പറയുന്നത് അപ്പച്ചൻ കേട്ടാൽ മതി

അതൊരു ആജ്ഞാപിക്കലാണെന്ന് അയാൾക്ക് തോന്നി

ഇനി മുതൽ താൻ മരുമകളെ അനുസരിച്ച് കഴിയേണ്ടി വരുമോ? എന്ന ആശങ്ക അയാൾക്ക് തോന്നി തുടങ്ങിയത് അപ്പോഴായിരുന്നു

പിറ്റേ ദിവസം രാവിലെ പേരക്കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് വരുമ്പോൾ മരുമകൾ റേഷൻ കാർഡും സഞ്ചിയുമായി വാതില്ക്കൽ നില്ക്കുന്നു

അപ്പച്ചാ.. ഈ മാസത്തെ പഞ്ചസാരയും മണ്ണെണ്ണയും വാങ്ങിച്ചിട്ടില്ല, ഒന്ന് പോയി വാങ്ങിച്ചിട്ട് വാ,

ഇവിടുന്ന് വലത്തോട്ട് തിരിഞ്ഞ് ചെല്ലുമ്പോൾ,

ആ കലുങ്കിനടുത്താണ് കട

അത് കേട്ടയാൾ ശരിക്കും പകച്ച് പോയി.

താൻ ശരിക്കും ട്രാപ്പിലായെന്ന് അയാൾക്ക് തോന്നി ,പ്രതികരിക്കാനുള്ള ശക്തി, തനിക്കിപ്പോഴില്ല,

മകൻ്റെ ചിലവിലാണ് താനിപ്പോൾ കഴിയുന്നത്,

മരുമകളാണ് തനിക്ക് ഭക്ഷണമെല്ലാം വച്ച് വിളമ്പുന്നത്, വസ്തു വിറ്റ് കിട്ടിയ തുക മുഴുവൻ മകൻ്റെ അക്കൗണ്ടിലേക്ക് ഇട്ടതിന് ശേഷം ,താൻ പൂർണ്ണമായും അവരെ ആശ്രയിച്ചാണിപ്പോൾ ജീവിക്കുന്നത് ,അവരുടെ സ്നേഹം കണ്ടപ്പോഴാണ് സമ്പാദ്യം മുഴുവൻ മകന് കൊടുത്തത്, അത് വലിയൊരു വിഡ്ഡിത്തരമായിപ്പോയെന്ന് അയാൾക്ക് തോന്നി.

❤❤❤❤❤❤❤

ഒന്ന് വേഗം നടന്ന് വാ മത്തായിച്ചാ.. എനിക്ക് കടയടച്ചിട്ട് വീട്ടിൽ പോകാനുള്ളതാണ്

ആലോചനയോടെ മെല്ലെ നടന്ന് വരുന്ന മത്തായിച്ചനെ നോക്കി റേഷൻ കടക്കാരൻ ധൃതിവച്ചു

പച്ചരിയും മണ്ണെണ്ണയും വാങ്ങി തിരികെ നടക്കുമ്പോൾ അയാൾ ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു.

❤❤❤❤❤❤❤❤

ഞാൻ നാളെ രാവിലെ ഇവിടെ നിന്ന് പോകുവാ

വൈകുന്നേരം അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ മകനോടും മുരുകളോടുമായി അയാൾ പറഞ്ഞു

അല്ല, അപ്പച്ചനെവിടെ പോകുന്നു ?

മകൻ ആകാംക്ഷയോടെ ചോദിച്ചു

ഇവിടെയടുത്തൊരു വൃദ്ധസദനമുണ്ടെന്ന് റേഷൻ കടക്കാരൻ പറഞ്ഞ് ഞാനറിഞ്ഞു ,ഞാനങ്ങോട്ടേക്ക് മാറുവാ ,അല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ ?ഞാൻ സമ്പാദിച്ച തറവാട് വിറ്റ് തുലച്ച് നിനക്ക് തന്ന് പോയില്ലേ ,അന്ന് നിങ്ങൾ കാണിച്ച സ്നേഹം സത്യമാണെന്ന് കരുതിയാണ്, നിങ്ങളെന്നെ പൊന്ന് പോലെ നോക്കുമെന്ന് കരുതി ഞാനാ മണ്ടത്തരം കാണിച്ചത്, പക്ഷേ സ്വത്ത് കിട്ടിക്കഴിഞ്ഞപ്പോൾ നിങ്ങളെന്നെയൊരു വേലക്കാരനാക്കി ,നിൻ്റെ മോളെ ഒരു കിലോമീറ്റർ ദൂരെ മെയിൻ റോഡിലെത്തുന്ന സ്കൂൾ ബസ്സിൽ കയറ്റി വിടാനും, റേഷൻ കടയിൽ പോയി സാധനങ്ങൾ വാങ്ങാനും, രാവിലെ നിങ്ങടെ പൂന്തോട്ടം നനയ്ക്കാനുമൊക്കെയാണ് നിങ്ങളെന്നെ ഇവിടെ നിർത്തിയിരിക്കുന്നതെന്ന് എനിക്കറിയാം,

പക്ഷേ ഈ വയസ്സ് കാലത്ത് ഇവിടെയിങ്ങനെ കിടന്ന് കഷ്ടപ്പെടേണ്ട കാര്യമെനിക്കില്ല,

എന്നെപ്പോലെ മക്കൾക്ക് സ്വത്തുക്കൾ കൊ=ടുത്ത് പാപ്പരായവർക്ക്, അവസാനകാലം വിശ്രമജീവിതം നയിക്കാൻ സർക്കാര് പണിത വൃദ്ധ സദനമുളളപ്പോൾ ഞാനെന്തിനാണ് ഇവിടെ കിടന്ന് പണിയെടുത്ത് നരകിക്കുന്നത്?

അപ്പച്ചനെന്തൊക്കെയാ ഈ പറയുന്നത്?

മരുമകൾ അത്ഭുതത്തോടെ ചോദിച്ചു

എന്താ? ഞാൻ പറഞ്ഞത് സത്യമല്ലേ ?എൻ്റെ സമ്പാദ്യമെല്ലാം നിങ്ങളുടെ പേരലായപ്പോഴല്ലേ എനിക്കൊരു വിലയില്ലാതായത് അന്ന് മുതലല്ലേ നിങ്ങളെന്നെയിങ്ങനെ കഷ്ടപ്പെടുത്താൻ തുടങ്ങിയത്?

അപ്പച്ചാ … അപ്പച്ചൻ പറയുന്നത് പോലെ തറവാട് വിറ്റ് കിട്ടിയ ഒരു നയാ പൈസ പോലും ഞങ്ങളെടുത്തിട്ടില്ല അത് മുഴുവൻ ഞങ്ങള് അപ്പച്ചൻ്റെ അക്കൗണ്ടിലേക്ക് തന്നെയാണ് നിക്ഷേപിച്ചത് പിന്നെ റേഷൻ കടയിൽ വിടുന്നതും ,മോളെ സ്കൂൾ ബസ്സിലാക്കാൻ പോകണമെന്ന് പറഞ്ഞതുമൊക്കെ,

അപ്പച്ചൻ ശരീരമിളകാതെ ഒരിടത്ത് അടങ്ങിയിരുന്നാൽ പെട്ടെന്ന് രോഗിയായി പോകുമെന്ന് ഭയന്നിട്ടായിരുന്നു ,കുറെ കാലം കൂടി എൻ്റെ അപ്പച്ചനെ ഞങ്ങൾക്ക് ആരോഗ്യത്തോടെ കാണണമെന്ന് തോന്നിയത് കൊണ്ട് ഞാനാണ് മേരിയോട് പറഞ്ഞത് അപ്പച്ചൻ വെറുതെയിരിക്കാൻ സമ്മതിക്കരുതെന്ന് ,ഇനിയും ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ , ബാങ്കിലിട്ടിരിക്കുന്ന കാശെടുത്ത് അപ്പച്ചന് ഞാൻ നല്ലൊരു വീടും സ്ഥലവും വാങ്ങിത്തരാം ,അവിടെ അപ്പച്ചന് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളു

മകൻ പറഞ്ഞത് കേട്ടപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി ,

നീയെന്നോട് ക്ഷമിക്കെടാ ,എൻ്റെ അറിവില്ലായ്മ കൊണ്ട് ഞാൻ നിങ്ങളെ വെറുതെ തെറ്റിദ്ധരിച്ചു ,ഞാനെങ്ങോട്ടും പോകുന്നില്ല ,അവസാനം വരെ ഞാൻ നിങ്ങളുടെയൊപ്പം തന്നെയുണ്ടാവും

അത് കേട്ട് എല്ലാവർക്കും സന്തോഷമായി.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്.

Scroll to Top