ഇനിയും എന്നെ പറഞ്ഞ് വിടല്ലേ അമ്മേ….ആ ദുഷ്ടനൊപ്പം… എനിക്ക് അയാളെ പേടിയാ…..

രചന : ആമി ആമി

   

ധ്വനി….

❤❤❤❤❤

“ഇങ്ങനെ വന്നിരുന്ന് കഴിക്കാൻ യാതൊരു നാണവും തോന്നുന്നില്ലേ ആവോ….”

മോനുമായി ഭക്ഷണത്തിനായി വന്നിരുന്നതും ഏട്ടത്തിയുടെ താഴ്ന്ന സ്വരത്തിലുള്ള വാക്കുകളാണ് കേട്ടത്…..വല്ലായ്മ തോന്നി…. മുഖമുയർത്തി നോക്കാൻ പോലും മടി അനുഭവപ്പെട്ടു…..

അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയെങ്കിലും അവിടെ ഭാവവ്യത്യാസമൊന്നും ഇല്ലായിരുന്നു…..നെഞ്ചിലൊരു വിങ്ങലുണർന്നു..

അത്രയേറെ അന്യയായി മാറിയോ…..

രണ്ട് ദിവസമായി ഏട്ടത്തിയുടെ അർത്ഥംവെച്ചുള്ള വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട്………

മനസ്സാകെ പടർന്നുകയറിയ വിങ്ങലിന് കടിഞ്ഞാണിട്ട് മോന് മാത്രം കുറച്ചു ഭക്ഷണം കൊടുത്ത് പെട്ടെന്ന് തന്നെ മുറിയിലേക്ക് വന്നിരുന്നു……

നന്നായി വിശന്നെങ്കിലും പുറത്തേക്ക് ഇറങ്ങിയില്ല

കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു അമ്മ കയറി വരുന്നത് കണ്ടു…..

“ധ്വനി….ഇന്നാ ഭക്ഷണം കഴിക്ക്…..നീയെന്താ ഒന്നും കഴിക്കാതെ ഇറങ്ങിയത്……”

ചോദ്യം കേട്ട് പുച്ഛമാണ് തോന്നിയത്…. മറുപടി ഒന്നും നൽകിയില്ല…. ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ടാവണം അരികിലേക്ക് ചേർന്നിരിക്കുന്നത് കണ്ടു….

“ഇവിടെ നിന്നാൽ ഇനിയും ഇതുപോലെയുള്ള അനുഭവങ്ങളാവും …. എത്രയൊക്കെ പറഞ്ഞാലും ഇതിപ്പോൾ നിന്റെ വീടല്ല….നീയിവിടുത്തെ അതിഥി മാത്രമാണ്….. വിനീതിനെ അച്ഛൻ വിളിച്ചിട്ടുണ്ട്…. നാളെ തന്നെ അവൻ വന്ന് നിന്നെയും മോനെയും കൂട്ടാമെന്ന് പറഞ്ഞിട്ടുണ്ട്..”

മുഖത്ത് പുഞ്ചിരി വരുത്തി മുടിയിൽ തലോടി അമ്മ പറയുന്നത് കേട്ടപ്പോൾ മനസ്സിലും ശരീരത്തിലും ഒരുപോലെ ഭയം ഇടംനേടിയിരുന്നു.

“അമ്മേ….ആ ദുഷ്ടനൊപ്പം ഇനിയും എന്നെ പറഞ്ഞ് വിടല്ലേ….. എനിക്ക് പേടിയാ……”

“ധ്വനി…. അത് നിന്റെ ഭർത്താവാണ്…

അക്കാര്യം മറക്കരുത്…. കുറച്ചൊക്കെ സഹിക്കാൻ കഴിയണം…. അല്ലാതെ ഒന്നടിച്ചെന്നും പറഞ്ഞു ബന്ധം വേർപെടുത്താൻ തീരുമാനിച്ചാൽ എങ്ങനെയാണ്…..”

അമ്മ പറയുന്ന ഓരോ വാക്കും അത്രമേൽ ഭീതി നിറച്ചു…. ഇനിയും അയാൾക്കൊപ്പം…. അനുഭവിച്ചതെല്ലാം വിശദീകരിച്ചതല്ലേ….എന്നെ കൊല്ലാൻ പോലും അയാൾ മടിക്കില്ല…. അമ്മയ്ക്ക് എങ്ങനെയാണ് ഒരൽപം പോലും മനസ്സലിവില്ലാതെ പറയാൻ കഴിയുന്നത്….

വിവാഹം കഴിപ്പിച്ചു അയച്ചാൽ മാതാപിതാക്കളുടെ എല്ലാ ഉത്തരവാദിത്വവും അവസാനിക്കുമോ….

പിന്നയവൾ സ്വന്തം വീട്ടിൽ വന്ന് നിന്നാൽ പോലും അത് ബാധ്യതയാണത്രേ……

“ഞാൻ പറഞ്ഞതെല്ലാം മനസ്സിലായോ…. ഭക്ഷണം എടുത്തു കഴിക്കാൻ മറക്കണ്ട…..”

അത്രയും പറഞ്ഞ് അമ്മ പോകുമ്പോഴും മനസ് നിറയെ നിർവികാരതയായിരുന്നു….. ഒന്നുറക്കെ കരയാൻ പോലും കഴിയാതെ ഭിത്തിയിൽ ചാരി ഇരുന്നു….തലയ്ക്കുള്ളിൽ വല്ലാത്ത ഭാരം പോലെ…ഉറങ്ങാനാവാതെ ആ രാത്രി പിന്നിടുമ്പോഴും ഇനിയെന്താവും നേരിടേണ്ടി വരുന്നതെന്ന ചിന്ത പൊള്ളിച്ചു കൊണ്ടിരുന്നു….

“ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലായെന്ന് അവൻ സമ്മതിച്ചിട്ടുണ്ട്…..നീയായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നാൽ മാത്രം മതി…..കേട്ടല്ലോ….”

പിറ്റേന്ന് പോകാൻ തയാറാവുമ്പോഴും അമ്മ ഉപദേശിക്കുന്നുണ്ടായിരുന്നു…

ഞാനും മോനും പോകുന്നത് കൊണ്ടാവാം ഏട്ടത്തിയുടെ മുഖം ഒന്ന് തെളിഞ്ഞത് പോലെ….അവരെ പറഞ്ഞിട്ടെന്ത് കാര്യം….

അച്ഛനും അമ്മയ്ക്കും പോലും ഞാൻ ഇവിടെ നിൽക്കുന്നത് അപമാനമാണ്…..

പുഞ്ചിരിയോടെ അച്ഛനോട് എന്തൊക്കെയോ പറയുന്ന വിനീതിനെ ഒന്ന് നോക്കി…. സ്വന്തം അച്ഛനെ കണ്ടതും മോൻ ഭയത്തോടെ എൻ്റെ പിന്നിലേക്ക് മറഞ്ഞിരുന്നു….

“മ്മാ….പോണ്ട മ്മാ…. നിക്ക് പേടിയാ അച്ഛയെ…..”

പേടിയോടെ താഴ്ന്ന സ്വരത്തിൽ പറയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ലായിരുന്നു….. അയാൾക്ക് ഒപ്പം പോവുമ്പോൾ ഒന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും ആശിച്ചു….

“ഞാൻ പറഞ്ഞതല്ലേടി എൻ്റെ അനുവാദമില്ലാതെ ഇവിടുന്ന് പോവരുതെന്ന്…. എന്നിട്ടെന്തായി വീണ്ടും ഇവിടേക്ക് തന്നെ എത്തിയില്ലേ…..”

ദേഷ്യത്തിൽ പറയുന്നതിന് ഒപ്പം തന്നെ ആദ്യത്തെ പ്രഹരം കവിളിൽ നൽകിയിരുന്നു…… പിന്നെയും പിന്നെയും അയാളുടെ ദേഷ്യം തീരുവോളം തല്ലി…. തടയാൻ എത്തിയ മോനെയും അയാൾ തള്ളിമാറ്റുന്നത് മങ്ങിയ കാഴ്ചയിൽ കണ്ടിരുന്നു…

മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് മുറിയിലേക്ക് കൊണ്ടുപോകുന്നതും… അയാളുടെ കാമഭ്രാന്തിന് ഇരയായി നിസ്സഹായയായി കിടക്കേണ്ടി വന്നതുമെല്ലാം മനസ്സിൽ വിങ്ങൽ തീർത്തു…

ആരോടാണ് പറയുക….. ആരെങ്കിലും എനിക്കൊപ്പം നിൽക്കുമോ…..

ദൈവത്തെ പോലെ കാണേണ്ടവനാണ് ഭർത്താവ്…..അമ്മ പണ്ട് പറഞ്ഞതോർത്ത് പുച്ഛം തോന്നി…. ദൈവം…. ഹ്മ്മ്…..സ്ത്രീ എല്ലാം സഹിക്കേണ്ടവൾ ആണ്…… ഭൂമിയോളം സഹിക്കാൻ കഴിയുന്നവൾ….. ആരോടും പരാതിയും പരിഭവവും കാണിക്കാതെ അടുക്കത്തിലും ഒതുക്കത്തിലും ജീവിക്കേണ്ടവൾ…..

ഒരിക്കലും ഉപദ്രവിക്കില്ലെന്ന വാക്ക് നൽകിയിട്ടും നരകതുല്യമായ ദിവസങ്ങൾ തന്നെ അയാൾ എനിക്ക് സമ്മാനിച്ചു….. ഞാനും ഒരുവേള പ്രത്യാശിച്ചു..

ഈ ദുരിതങ്ങൾ അവസാനിക്കുമെന്ന്….. എവിടെ മരണം വരെ എല്ലാം സഹിക്കാനാണ് വിധി….

“ധ്വനി നീ വീണ്ടും എന്തിനാ മോളെ ഈ നരകത്തിലേക്ക് വന്നത്….രക്ഷപ്പെട്ടൂടാരുന്നോ…”

അടുത്ത വീട്ടിലെ ദേവിയേച്ചിയാണ്…. ആകെയുള്ള ഒരു ആശ്വാസമാണ് ചേച്ചി…….. പലപ്പോഴും ആത്മഹത്യാ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചയാൾ..

ജോലിയ്ക്ക് പോവാനും വിനീതിന് എതിരെ പരാതിപ്പെടാനുമുള്ള ധൈര്യവും തന്നതാണ്….

അടുത്തുള്ള ഒരു ബേക്കറിയിൽ ചേച്ചിയുടെ ഹസ്ബൻ്റ് അഭിയേട്ടൻ വഴി ജോലിയ്ക്ക് പോവാനും അവസരവും ഉണ്ടാക്കിയതാണ്…..

അച്ഛനും അമ്മയും പോലും എനിക്ക് എതിരാണ്….. ഒറ്റയ്ക്ക് നേരിടാനുള്ള മനഃശക്തിയും ഇല്ല….

പിന്നെന്തിന്……

“ധ്വനി നീയിങ്ങനെ ഒന്നിനും കഴിയില്ലെന്ന് ചിന്തിക്കുന്നത് കൊണ്ടാണ്….. എല്ലാം സഹിച്ചു ജീവിക്കേണ്ട ഒരു ഗതികേടും നിനക്കില്ല മോളെ….. പ്രതികരിക്കേണ്ട സമയത്തൊന്നും പ്രതികരിച്ചിട്ടില്ല…..

താൽപര്യം ഇല്ലാതിരുന്ന വിവാഹത്തിന് നിർബന്ധിച്ചപ്പോൾ തന്നെ എതിർക്കണമായിരുന്നു…..

ഹ്മ്മ്…. സാരമില്ല….

ഇപ്പോഴും സമയം വൈകിയിട്ടില്ല…..”

ഒന്നും മിണ്ടിയില്ല….. പ്രതികരിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല…. ഭയമാണ്…. എനിക്കും കുഞ്ഞിനും ആരും തുണയുണ്ടാവില്ല…. രണ്ട് ദിവസം ആശ്വാസത്തിനായി വീട്ടിൽ നിന്നപ്പോഴുള്ള അവസ്ഥ തന്നെ ദയനീയമാണ്…

“ഇനിയും സഹിച്ച് ജീവിക്കാനാണോ നിന്റെ തീരുമാനം…. കുറച്ചെങ്കിലും ധൈര്യം കാണിക്ക് മോളെ..

നിന്റെ ജീവിതമാണ്… തീരുമാനം എടുക്കേണ്ടത് നീയും…..”

“പോവാം മ്മാ…. നിക്ക് ഇവിടെ നിക്കണ്ട…..”

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഇവിടുന്ന് പോകാനാണ് ദേവിയേച്ചി നിർബന്ധിക്കുന്നതെന്ന് അവന് അറിയാം…. സംശയരോഗത്തിൻ്റെ പേരിൽ അയാളുടെ കുഞ്ഞല്ലായെന്ന് പറഞ്ഞ് എത്രയോ തവണ സ്വന്തം കുഞ്ഞാണെന്ന് പോലും ഓർക്കാതെ അവനെ ഉപദ്രവിച്ചിരിക്കുന്നു…

“അഭിയേട്ടനും അപ്പുറത്തെ വീട്ടിലെ മാത്യു ചേട്ടനും കംപ്ലെയ്ൻ്റ് ചെയ്യാൻ തീരുമാനിച്ചു…..

ഇവിടുത്തെ ബഹളം കാരണം ഞങ്ങൾ അടുത്തുള്ളവർക്കും സ്വസ്ഥത ലഭിക്കുന്നില്ലെന്ന് പറഞ്ഞ്……

ഒപ്പം നിന്റെ പരാതിയും കൂടിയാവുമ്പോൾ കേസ് സ്ട്രോങാവും….”

ചേച്ചിയുടെ വാക്കുകൾ പൂർണമായും തമസ്സ് മൂടിയ മനസ്സിൽ ചെറിയൊരു നക്ഷത്രത്തിളക്കം പോലെ തിളങ്ങി…. പക്ഷേ അച്ഛനും അമ്മയും…

അവർ സമ്മതിക്കുമോ…..

“ആഹ്…. അത് പറഞ്ഞപ്പോൾ ആണ് ഓർത്തത്…. എൻ്റെ അമ്മയുടെ ചേച്ചി ഇപ്പോൾ ആള് ഒറ്റയ്ക്കാണ്…. റിട്ടയേർഡ് അധ്യാപിക….

മക്കളൊക്കെ വിദേശത്താണ്….. നോക്കാനും ജോലിയ്ക്കുമായി ഒരാൾ വേണമെന്ന് പറഞ്ഞിട്ടുണ്ട്…

നിനക്ക് സമ്മതമാണെങ്കിൽ മോനുവായി അവിടെ നിൽക്കാം…..”

ഉള്ളിലിരുന്നാരോ സമ്മതം പറയാൻ നിർബന്ധിക്കുന്നത് പോലെ….. രക്ഷപ്പെടണം….

ചിലപ്പോൾ ദൈവമായി നൽകിയ അവസരമാവാം.

“നല്ലൊരവസരമാണ് മോളെ…..നീ നന്നായി ആലോചിച്ച് തീരുമാനമെടുക്ക്……”

ചേച്ചി അവിടുന്ന് പോവുമ്പോഴും കൃത്യമായി എന്തുചെയ്യണമെന്നറിയാതെ മനസ്സിലാകെ ഉഴുതുമറിച്ചിൽ നടത്തി…..

രണ്ടാഴ്ച കൂടി വേണ്ടി വന്നിരുന്നു ഉറച്ച തീരുമാനം അപക്വമായ മനസ്സിൽ പാകപ്പെടുത്തിയെടുക്കാൻ..

അഞ്ച് വർഷത്തെ ദുരിതജീവിതത്തിൻ്റെ തകർച്ച തന്നെയാണ് ഭയത്തിന്റെയും റീസൺ….

അല്ലെങ്കിലും മുന്നോട്ട് പോകണമെന്ന തീരുമാനം ഉറച്ചതാണെങ്കിൽ അതിന് അസാധാരണമായ ഊർജവും ആവശ്യമാണല്ലോ……

ഹൃദയം അയാൾക്ക് എതിരെ നീങ്ങാൻ നിർബന്ധിക്കുമ്പോഴും ബുദ്ധി അതിനെ വിലക്കിയിരുന്നു….

പിന്നീട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളോർത്ത്….

എങ്കിലും ഉറച്ച തീരുമാനം തന്നെ എടുത്തു….

ഇനിയും ആരുടെയും വാക്കുകൾക്ക് മുന്നിൽ പതറില്ല…. എൻ്റെ ജീവിതത്തിന്റെ ഡ്രൈവർ ഞാനണല്ലോ…..അപ്പോൾ ഏതെല്ലാം പാതയിലൂടെ നീങ്ങണമെന്ന തീരുമാനം എടുക്കേണ്ടതും ഞാൻ മാത്രമാണ്…..

“ഒരു വട്ടം കൂടി ക്ഷമിക്ക് ധ്വനി….. നിന്റെ ഭർത്താവിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്….. ജാമ്യം കിട്ടാൻ പോലും സാധ്യത കുറവാണെന്നാ അച്ഛൻ പറയുന്നത്…..

ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെയാണ് ഞങ്ങൾ നോക്കുക… ഇവിടുത്തെ ജോലി അവസാനിപ്പിച്ച് അവിടേക്ക് പതിയെ വരാമെന്ന് എൻ്റെ മോൾ സ്വപ്നം കാണേണ്ട…”

അമ്മയാണ്….സൗമ്യമായാണ് പറഞ്ഞ് തുടങ്ങിയതെങ്കിലും അവസാനം വാക്കുകളിൽ ഭീഷണി നിഴലിച്ചിരുന്നു…..ഇവർ എന്നെ പ്രസവിച്ചത് തന്നെയാണോ…. ഞാൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തേക്കാൾ അവർക്ക് വലുത് നാട്ടുകാരാണത്രേ…..

“ഇങ്ങനൊരു ജന്മം എൻ്റെ വയറ്റിൽ തന്നെ വന്ന് കുരുത്തല്ലോ….. എങ്ങനെ തോന്നി നിനക്കിത് ചെയ്യാൻ….”

ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാവണം വീണ്ടും അവർ പറഞ്ഞത്….

“ഇനി ഒരക്ഷരം കൂടി നിങ്ങൾ പറഞ്ഞാൽ…..

പെറ്റമ്മയാണെന്നൊന്നും ഞാൻ നോക്കില്ല…..

വയറ്റിൽ വെച്ച് തന്നെ എന്നെ കൊന്നുകൂടാരുന്നോ….. ഇങ്ങനെ ദ്രോഹിക്കാനും മാത്രം എന്ത് തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്….”

ദേഷ്യത്തിലാണ് പറഞ്ഞു തുടങ്ങിയെങ്കിലും അവസാനവാക്കുകൾ ഇടറിയിരുന്നു…. എത്രയൊക്കെ പറഞ്ഞാലും എൻ്റെ അമ്മയല്ലേ…. എന്നിട്ടും എന്നെ മനസ്സിലാക്കാൻ മാത്രം കഴിയുന്നില്ലല്ലോ….

ഇങ്ങനെയുള്ള അച്ഛനമ്മമാർ തന്നെയാണ് ഓരോ പെൺകുട്ടിയുടെയും ശാപം….. അവരുടെ വാക്കുകൾ നമ്മുടെ നന്മയ്ക്ക് വേണ്ടിയല്ലെങ്കിൽ ഉറച്ച തീരുമാനത്തിൽ നിൽക്കാൻ ഓരോ പെൺകുട്ടിയ്ക്കും കഴിഞ്ഞാൽ തന്നെ പലരും രക്ഷപ്പെടും….

“ഇനിയും കൂടുതൽ ഒന്നും പറയണമെന്നില്ല…..

പൊയ്ക്കോളൂ…. പട്ടിണി കിടക്കേണ്ട അവസ്ഥ വന്നാലും നിങ്ങൾക്കരുകിലേയ്ക്ക് ഞാൻ വരില്ല.”

പിന്നെയൊന്നും പറഞ്ഞില്ല….. ദേഷ്യത്തിൽ ഒന്ന് നോക്കി പോവുന്നത് കണ്ടു…. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണെന്നത് എത്ര സത്യമാണത്….

ജീവിതത്തിൽ ഞാനും കുഞ്ഞും സന്തോഷമെന്തെന്ന് അറിഞ്ഞത് പോലും പിന്നീടാണ്…. സത്യത്തിൽ തെറ്റുകാരി ഞാൻ മാത്രമാണ്….. എൻ്റെ ജീവിതമാണിതെന്നും ജീവിച്ച് തീർക്കേണ്ടത് ഞാനാണെന്ന് അറിഞ്ഞിട്ടും പ്രതികരണശേഷി നഷ്ടമായവളെ പോലെ എല്ലാം സഹിച്ചതാണ് ഏറ്റവും വലിയ തെറ്റ്….. ഇന്നും പല പെൺകുട്ടികളും ആവർത്തിക്കുന്ന തെറ്റ്…..

ഇപ്പോൾ പിഎസ്‌സി പരീക്ഷയ്ക്കായി ഒരുങ്ങുകയാണ്

ലക്ഷ്യബോധവും സ്വയംപര്യാപ്തതയിൽ എത്തണമെന്ന അമിതമായ ആഗ്രഹവുമുണ്ടെങ്കിൽ എന്താണ് സാധ്യമാവാത്തത്….

“പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തിലാക്കുവാൻ കഴിയുന്നവണ്ണം ദീർഘമാം കൈയ്യുകൾ നൽകിയത്രേ മനുഷ്യനെ പാരിൽ അയച്ചതീശൻ…”

സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കാതെ മുന്നോട്ട് കുതിയ്ക്കണമെന്ന തീരുമാനം എടുക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിയട്ടെ…. നമ്മുടെ ജീവിതം അവസാനിച്ചാൽ നഷ്ടം നമുക്ക് മാത്രമാണ്…….കുറെ സ്റ്റാറ്റസുകളിലും പോസ്റ്റുകളിലും മാത്രം ഒതുങ്ങും… നാട്ടുകാർക്ക് മുന്നിൽ കുറ്റപ്പെടുത്തിയ മാതാപിതാക്കൾ തന്നെ കണ്ണീർനാടകവും അവതരിപ്പിക്കും… അവസാനം നമ്മുടെ പേരും മറവിയുടെ ആഴങ്ങളിൽ ലയിക്കും…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ആമി ആമി

Scroll to Top