ഇവളെ ഞങ്ങൾ കല്യാണം കഴിഞ്ഞാൽ ജോലിക്ക് ഒന്നും വിടില്ല. അമ്മയെ നോക്കാൻ ആള് വേണ്ടേ..

രചന : Salini Ajeesh

   

പൊന്നുമോൾ

❤❤❤❤❤❤

കണ്ണാടിക്ക് മുകളിലോട്ടിച്ചിരുന്ന കറുത്ത പൊട്ട് എടുത്തു അവൾ നെറ്റിയിൽ വച്ചു, മുടി ചീകി ക്ലിപ്പ് ഇട്ടു.

ധരിച്ചിരുന്ന മെറൂൺ ചുരിദാറിന്റ ഷാൾ ഒന്നുടെ നേരെയാക്കിയിട്ടു ഒന്നുടെ കണ്ണാടി നോക്കി തൃപ്തിപ്പെട്ടു.

നീലു…നീയിനിയും ഒരുങ്ങിയില്ലേ..?

 

ദേ അവരിപ്പോൾ ഇങ്ങ് എത്തും.

റൂമിലേക്ക് കയറി കൊണ്ട് അമ്മ ചോദിച്ചു.

എന്റെ അമ്മേ… അവരെ…എന്നെ പെണ്ണ് കാണാൻ അല്ലെ വരുന്നത്… അപ്പോൾ ഒന്ന് നന്നായി ഒരുങ്ങണ്ടേ.. അല്ലെ പറയില്ലേ.. അയ്യേ…! ആ പെണ്ണിനെ കാണാൻ കൊള്ളില്ലെന്ന്..

“പോടീ അവിടുന്ന്.. ഇത് ആണോ ഒരുക്കം. ഇത്തിരി പൗഡർ കൂടി ഈട്ടിട്ടില്ല മുഖത്തു. ദേ ഈ കണ്മഷി കുറച്ചു ഇട്ടേ കണ്ണിൽ..”

ദേ സുമതി കൊച്ചേ… എനിക്ക് ഈ ഒരുങ്ങി കെട്ടി ഉള്ള നിൽപ്പ് അത്രേ പിടിക്കണില്ലട്ടോ….

ആകെ കിട്ടുന്ന ഒരു ഒഴിവ് ദിവസം ആണ് ഞായറാഴ്ച.അതും കുളമാക്കി.. കയ്യിൽ തന്നപ്പോ സമാധാനം ആയല്ലോ രണ്ടാൾക്കും.. ”

“ഓഹ്.. അമ്മയും മോളും ഇവിടെ നിന്ന് സമയം കളയുവാന്നോ?

നീലുവിന്റ അച്ഛൻ റൂമിലേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു.. അവർ എത്താറായി വേഗം എല്ലാം റെഡി ആക്ക്..

“അച്ഛാ.. ഞാൻ സുന്ദരി ആയിട്ടില്ലേ? ഈ അമ്മ പറയുവാ കൊള്ളില്ലെന്ന്.. നീലു അച്ഛന്റ്റെ അരികിലേക്ക് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു..

“നിന്റെ അമ്മയ്ക്ക് അല്ലെങ്കിലും എന്താ അറിയാ ..? എന്റെ മോള് സുന്ദരി അല്ലെ.. എന്നെ പോലെ..”

അല്ലെ മോളെ…

എന്നും പറഞ്ഞു കൊണ്ട് രണ്ടു പേരും സുമതിയെ കളിയാക്കി ചിരിച്ചു..

“അല്ലെങ്കിലും അച്ഛനും മോളും എപ്പഴും ഒറ്റകെട്ടാണല്ലോ..അത് എന്നെ കളിയാക്കാൻ ആണേ പ്രേത്യേകിച്ചും . ഹും….” ചിറി കൊട്ടികൊണ്ട് സുമതി അടുക്കളയിലേക്ക് നടന്നു…

അച്ഛനും മോളും അമ്മേടെ ഭാവം കണ്ടു കണ്ണിറുക്കി ചിരിച്ചു..

അടുക്കളയിൽ ചായയിടൽ പരിപാടി തകൃതിയായി ചെയ്യുന്ന തിരക്കിലായിരുന്നു സുമതി. നിരത്തി വച്ചിരിക്കുന്ന പലഹാരത്തിൽ നിന്നും ഓരോന്ന് എടുത്തു കൊറിച്ചു കൊണ്ട് അടുത്ത് തന്നെ നീലുവും നിൽപ്പുണ്ട്..

“ഡി…..

അതിൽ നിന്നും എടുത്തു കഴിക്കാതെ.. ദേ ചെറുക്കനും കൂട്ടരും അപ്പുറത്ത് ഇരിപ്പുണ്ട് എന്ന് ഓർമ വേണം..

കുരുത്തം കെട്ടവള്…”

എന്നും പറഞ്ഞു കൊണ്ട് ചെറുതായി നീലുവിന്നിട്ട് ഒരു പിച്ച് കൊടുത്തു സുമതി..

“ഹൌ…..

പിച്ചിയിടത്ത് തടവി കൊണ്ട് നീലു പറഞ്ഞു..

“ദേ… അമ്മേ… എനിക്ക് വേദനിച്ചു ട്ടോ.. ഒരു ചെറുക്കനും കൂട്ടരും… കണ്ടാലും മതി ഒരു മരങ്ങോടൻ മോന്ത…നീലു മുഖം കോട്ടി…”

“ശോ.. ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാണോ എന്തോ..അവര് കേൾക്കുമേടി.. ഒന്ന് പതുക്കെ പറ..”സുമതി നെഞ്ചത്ത് കൈവെച്ചു..

“ഓഹ് പിന്നേ…”

“അമ്മയും മോളും പഴമ്പുരാണം പറഞ്ഞു നിക്കാതെ ഉമ്മറത്തേക്ക് ചായ കൊണ്ട് വാ….”

നീലകണ്ഠൻ ചായ നിറച്ചു വച്ചിരിക്കുന്നതൊക്കെ നോക്കി തൃപ്തി പെട്ട് കൊണ്ട് പറഞ്ഞു.

“അച്ഛാ… ഞാൻ പറഞ്ഞത് അല്ലെ ഈ കേക്കും ജിലേബിയും ലഡ്ഡുവും ഒക്കെ വാങ്ങുന്നത് മാറ്റി വേറെ വെറൈറ്റി ഐറ്റംസ് വാങ്ങി വരാൻ ഇതൊക്കെ തിന്ന് തിന്ന് ഞാൻ മടുത്തു…”

“അച്ഛന്റെ പൊന്ന് മോളല്ലേ… അവർ പോണത് വരെയെങ്കിലും അത് തിന്ന് തീർക്കത്തേടി മഹാപാപി…”

നീലകണ്ഠൻ ചിരിച്ചു കൊണ്ട് കൈ കൂപ്പി പറഞ്ഞു.

“ആയിക്കോട്ടെ ന്നാ…

മഹാറാണി എഴുന്നള്ളുന്നുണ്ട് എന്ന് അറിയിച്ചേക്ക്..”

പെണ്ണ് കാണൽ ചടങ്ങിന് ശേഷം ചെറുക്കന്റെ അമ്മാവൻ പറഞ്ഞു തുടങ്ങി.

“പെണ്ണിനെ ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു.. പക്ഷേ അതല്ലല്ലോ പ്രധാന കാര്യം. ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് എന്നൊക്കെ എല്ലാരും പറയും.. പക്ഷേ പൈസക്ക് പൈസ തന്നെ വേണ്ടേ . അല്ലെ നീലകണ്ഠാ..?

“മോൾ എൻജിനിയറിങ്ങിനു പഠിക്കുവാ അല്ലെ.?

“ഇപ്പോഴേ ഇതിനൊക്കെ ഒരു നീക്കുപോക്ക് ഉണ്ടാക്കുന്നത് അല്ലെ നല്ലത്.. ഞങ്ങൾക്ക് ഇവനും ഇവന് താഴെ ഒരു പെൺകുട്ടിയും ഉണ്ട്.. അച്ഛൻ മരിച്ചു വർഷം 11 ആയെ.. ശരാദാ ഇവരെ നോക്കാൻ നന്നേ കഷ്ട്ടപെട്ടു.. എന്നാലും അതിന് കാര്യം ഉണ്ടാവുകയും ചെയ്തു ചെറുക്കന് നല്ലൊരു ഗവണ്മെന്റ് ജോലി തന്നെ കിട്ടി. തെറ്റില്ലാത്ത ശമ്പളവും ഉണ്ട്.. അപ്പൊ അവനു ചേർന്നൊരു ബന്ധം തന്നെ വേണ്ടേ…?”

“പല വലിയ കുടുംബത്തിൽ നിന്നും ആലോചന വരുന്നുണ്ടേ.. പക്ഷേ ഇവന് ഒരു പെണ്ണിനേയും പിടിച്ചില്ല..ഫോട്ടോയിൽ കണ്ടപ്പോൾ തന്നെ ഇവന് ഇവിടുത്തെ കുട്ടിയെ നന്നേ ഇഷ്ട്ടായി… ”

“ഞാൻ എല്ലാം നേരെ ചൊവ്വേ പറയണ കൂട്ടത്തിൽ ആണ്. അത് കൊണ്ട് തന്നെ ചോദിക്ക്യ..

മോൾക്ക് എന്ത് കൊടുക്കും നിങ്ങൾ..?

” ഈ വീടും സ്ഥലവും എത്ര ഏക്കർ ആണ്.. റോഡിനു അടുത്ത് ആയോണ്ട് നല്ല വില കിട്ടും അല്ലെ..ഇത് വിറ്റാൽ.പിന്നെ കല്യാണം കഴിഞ്ഞ ജോലിക്ക് ഒന്നും വിടില്ല. അമ്മയെ നോക്കാൻ ആള് വേണ്ടേ..ശാരദക്ക് ഇപ്പോൾ തീരെ വയ്യ..ടീച്ചർ ആയിരുന്നു. ഇപ്പൊൾ വിരമിച്ചു. പെൻഷൻ ഉണ്ട് കൂടാതെ പശുവും കുറച്ചു കോഴികളും ഒക്കെ ഇണ്ടേ.. അവരെ നോക്കാൻ ഒന്നും ആരും ഇല്ലാണ്ട് ആയി.. ഒരു മരുമോള് വന്നാൽ പിന്നേ ഇതൊന്നും ചിന്തിക്കണ്ടല്ലോ.. മോൾക്ക് ഒരു കുറവും ഉണ്ടാവില്ല അവിടെ..

നീലകണ്ഠൻ നീലുവിനെ ദയനീയമായി ഒന്ന് നോക്കി.. ഇതൊക്കെ കേട്ട് നീലുവിന് ദേഷ്യം ഇരച്ചു കയറി വന്നു.. അമ്മേടെ പിറകിൽ നിന്നവൾ ചെറുക്കൻ കൂട്ടരുടെ മുന്നിലേക്ക് ഇറങ്ങി നിന്ന് പറഞ്ഞു…

“അതേയ് അമ്മാവാ.. എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചു സിവിൽ എഞ്ചിനീയറിങ്ങും എടുപ്പിച്ചു ജോലിക്ക് വിട്ടതേ കോഴിയെയും പശൂനെയും നോക്കി വീട്ടില് ഇരിക്കാൻ അല്ല. നാളെ ഒന്ന് വീണു പോയാൽ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള കരുത്ത് ആണ് ജീവിതത്തിൽ സ്ത്രീകൾക്ക് ജോലി.. അല്ലാതെ വീടിന്റെ നാല് ചുമരുകളിൽ ഒതുങ്ങി കൂടാൻ അല്ല.”

“ഭർത്താവിനെയും വീട്ടുകാരെയും നോക്കണ്ട എന്നഭിപ്രായം എനിക്കും ഇല്ല. അവരുടെ മാതാപിതാക്കളെ നോക്കേണ്ട ഉത്തരവാദിത്തം കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടിക്കും ഉണ്ട്.

എന്ന് വച്ച് അവള് കഷ്ട്ടപെട്ടു നേടിയെടുത്ത ജോലി കളഞ്ഞിട്ട് വേണോ. ജോലിക്ക് പോയി തന്നെ എത്രയോ സ്ത്രീകൾ അവരുടെ കുടുംബവും നന്നായി നോക്കുന്നു.”

“പിന്നെ സ്ത്രീധനം.. എനിക്ക് തരാൻ ഉള്ളത് അച്ഛൻ എന്തായാലും തരും.എന്ന് കരുതി വിലപേശി വിവാഹ കമ്പോളത്തിൽ എന്നെ വിറ്റഴിക്കാൻ എന്തായാലും എന്റെ അച്ഛൻ ഉദ്ദേശിക്കുന്നില്ലാ എന്നു തന്നെയാണ് എന്റെ വിശ്വാസം..”

“നിങ്ങളുടെ പെങ്ങളുടെ ഭർത്താവ് മരിച്ചപ്പോ അവർക്ക് ഒരു ജോലി ഉണ്ടായത് കൊണ്ടല്ലേ ആരുടെയും ഭിഷക്ക് കാത്തുനിൽക്കേണ്ടി വരാതെ കുടുബം നോക്കാനും മോനെ പഠിപ്പിക്കാനും ജോലി വാങ്ങിച്ചു കൊടുക്കാനുമൊക്കെ കഴിഞ്ഞത്. അത് പോലെ തന്നെയാണ് കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്കും വരുമാനം കുറവ് ആണെങ്കിലും സ്വന്തം ജീവിതത്തിൽ ഒരു ധൈര്യം ആണ് ജോലി എന്നത്.അത് വേണ്ടെന്ന് വെക്കാൻ ഞാൻ തയ്യാറല്ല…”

“ഈ സ്വത്തും പണവും മോഹിച്ചു പെണ്ണ് കെട്ടാൻ നടക്കുന്ന നിങ്ങളെ പോലുള്ളവരാണ് സമൂഹത്തിൽ വിസ്മയെയും കിരണിനെയും ഒക്കെ സൃഷ്ടിക്കുന്നത്. ഗവണ്മെന്റ് ജോലി ഒന്നുമില്ലെങ്കിലും നന്നായി അധ്വാനിച്ചു കുടുംബത്തിൽ കേറി വരുന്ന പെണ്ണിനെ പൊന്നു പോലെ നോക്കുന്ന നല്ല ആൺപിള്ളേരും ഉണ്ട് സമൂഹത്തിൽ..

അവർക്ക് കൂടെ ചീത്ത പേര് ഉണ്ടാക്കി വയ്ക്കാനായിട്ട്.. ഓരോരുത്തർ ഇറങ്ങി കോളും..

ഇത്രയും പറഞ്ഞു നീലു അച്ഛന്റ്റെ അരികിലേക്ക് മാറി നിന്നു..”

ഈ നരിന്തു പെണ്ണിന്റ വായിൽ നിന്നാണോ ഇതൊക്കെ കേട്ടത് എന്ന് വിശ്വസിക്കാൻ പറ്റാതെ അപ്പോഴും വായും പൊളിച്ചിരിക്കുകയായിരുന്നു ചെക്കനും ചെക്കന്റെ അമ്മാവനും ബ്രോക്കറും..

“എന്റെ മോള് പറഞ്ഞത് കേട്ടല്ലോ.. അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്..”

“എനിക്ക് എന്റെ മോള് ബാധ്യത അല്ല.. ഇനി കല്യാണം നടന്നില്ലെങ്കിലും അവളിവിടെ ഞങ്ങൾക്കൊപ്പം സന്തോഷത്തോടെ ജീവിച്ചോട്ടെ..”

“സ്വത്തും പണവും ഭംഗിയുമൊക്കെ നോക്കി ജീവിക്കുന്ന നിങ്ങളുടെ കുടുംബത്തിലേക്ക് എന്റെ മോളെ പറഞ്ഞു വിട്ടാൽ ഇതൊക്കെ കുറയുമ്പോൾ നിങ്ങളൊക്കെ കൊടുക്കുന്ന സ്നേഹത്തിനും സംരക്ഷണത്തിനും കുറവുണ്ടാകും..”അരികിൽ നിന്ന മോളെ ചേർത്ത് പിടിച്ചു കൊണ്ട് നീലകണ്ഠൻ പറഞ്ഞു

“ചായ കുടിച്ചു കഴിഞ്ഞെങ്കിൽ നിങ്ങൾക്ക് പോകാം..”

തിരിഞ്ഞു നടക്കുമ്പോൾ അമ്മാവൻ പിറുപിറുക്കുന്നുണ്ടായിരുന്നു..

“അഹങ്കാരികൾ… സംസ്ക്കാരമില്ലാത്ത കൂട്ടര്..കുടുംബത്തിൽ കേറ്റാൻ കൊള്ളാത്ത വഹകൾ.”

പെണ്മക്കൾ ഒരിക്കലും മാതാപിതാക്കൾക്ക് ബാധ്യത അല്ല.. ഉത്തരവാദിത്തമാണ്. സമൂഹം എന്ത് പറയുമെന്ന് കരുതി നമ്മുടെ മക്കളെ കാലന്റെ കൈകളിൽ ഏൽപ്പിക്കരുത്. അവരുടെ വേദനകളും സങ്കടങ്ങളും കല്യാണം കഴിയുന്നത് വരെ മാത്രമല്ല അത് കഴിഞ്ഞും നമുക്ക് പരിഹരിക്കാൻ അവകാശവും ഉത്തരവാദിത്തവും ഉണ്ട്.

ശുഭം….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Salini Ajeesh

Scroll to Top