ഭാര്യാ ഭർത്താക്കന്മാരായി അവർ ഇതുവരേ കഴിഞ്ഞിട്ടില്ലെന്ന്.. അയ്യോ ഈ പറയുന്നത് സത്യമാണോ ചേച്ചി….

രചന : സജി തൈപ്പറമ്പ് .

   

ഡീ,സുധർമ്മേ.. നിൻ്റെ മോനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ

ഉള്ളിയുടെ തൊലി കളഞ്ഞോണ്ടിരുന്ന അമ്മായിയമ്മ, ഒരു മുന്നറിയിപ്പ് പോലെ എന്നോട് പറഞ്ഞത് കേട്ട്, അരിവാർത്ത് കൊണ്ടിരുന്ന ഞാൻ തിരിഞ്ഞ് നോക്കി

അതെന്താ അമ്മ അങ്ങനെ പറഞ്ഞത് ?

ഞാൻ ,ജിജ്ഞാസയോടെ ചോദിച്ചു.

അല്ല അവൻ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും എന്നും കുറെ പെമ്പിള്ളേര് കൂടെയുണ്ടാവുമല്ലോ ?

അവനൊരാണല്ലേ അപ്പോൾ ആമ്പിള്ളേരുമായിട്ട് കൂട്ട് കൂടിയാൽ പോരെ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കുന്നതെന്തിനാ ?

അതിനെന്താ അമ്മേ ആണായാലും പെണ്ണായാലും എല്ലാം അവൻ്റെ ഫ്രണ്ട്സ് തന്നെയല്ലേ? അതിലെന്താ തെറ്റ്, കൂട്ടുകാരികളെ ആ ഒരു സെൻസിൽ കാണാനുള്ള വിവരമൊക്കെ അവനുണ്ട്

അപ്പോൾ നീയും അവന് സപ്പോർട്ടാണല്ലേ? ഇങ്ങനെ പോയാൽ നാളെ ഒരിക്കൽ അവൻ ഏതെങ്കിലും ഒരുത്തിയെയും കൂട്ടി ഇങ്ങ് വരും,

ഞാൻ പറഞ്ഞേക്കാം

ഒഹ് അതൊന്നുമില്ലമ്മേ …

അവനങ്ങനെ ചെയ്യുമെന്നെനിക്ക് തോന്നുന്നില്ല ,അഥവാ അങ്ങനെ ഒരു പെൺകുട്ടിയെ അവന് ഇഷ്ടമാണെങ്കിൽ ഞാൻ തടയില്ല, കാരണം അവനോടൊപ്പം ജീവിക്കേണ്ടവളെ തിരഞ്ഞെടുക്കേണ്ട സ്വാതന്ത്ര്യം അവനുണ്ട്

നീയിങ്ങനെ, അവനെ ന്യായീകരിച്ചിരുന്നോ?

അതൊക്കെ ആ അഭിലാഷിനെക്കണ്ട് പഠിക്കണം,

സുഭദ്ര അവനെ വരച്ചവരയിൽ നിർത്തിയാ വളർത്തുന്നത്, അറിയാമോ?

അവൻ പെൺകുട്ടികളുടെ മുഖത്ത് പോലും നോക്കില്ല

അമ്മായിയമ്മ മൂത്ത മകളുടെ മകനെക്കുറിച്ചാണ് പുകഴ്ത്തിയത് ,ശരിയാണ് അമ്മ പറഞ്ഞത്,

അഭിയുടെ അച്ഛൻ ദുബായിലായിരുന്നത് കൊണ്ട് ,മകൻ വഴി തെറ്റിപ്പോകുമോയെന്ന ആശങ്ക സുഭദ്രച്ചേച്ചിക്കുണ്ടായിരുന്നു അത് കൊണ്ട് അഭിയെ,

ചേച്ചി കർശന നിയന്ത്രണങ്ങളോടെയാണ് വളർത്തിയത്, പെൺകുട്ടികളുമായി കൂട്ട് കൂടരുതെന്നും അങ്ങനെയുള്ള കുട്ടികൾ വഴിപിഴച്ച് പോകുമെന്ന് ഒക്കെയായിരുന്നു അഭിയോട് അവർ എന്നും ഉപദേശിച്ചോണ്ടിരുന്നത്

അങ്ങനെ വർഷങ്ങൾ കടന്നു പോയി ,അഭിയും ,വിഷ്ണുവും ഡിഗ്രി കംപ്ളീറ്റ് ചെയ്തു ,കുറച്ച് നാള് കഴിഞ്ഞപ്പോൾ സുഭദ്ര അഭിയെ , അവൻ്റെ അച്ഛൻ്റെ അരികിലേക്കയച്ചു,

വിഷ്ണുവിനെ ഞാൻ ഒന്നിനും നിർബന്ധിച്ചില്ല ,അവൻ്റെ അഭിരുചിക്കനുസരിച്ചുള്ള തൊഴില് അവൻ സ്വയം തിരഞ്ഞെടുക്കട്ടെ, എന്ന് ഞാൻ കരുതി.

അവന് ബിസിനസ്സിനോടായിരുന്നു താല്പര്യം ,എങ്കിലും പിഎസ് സി ടെസ്റ്റുകൾ അവൻ അറ്റൻറ് ചെയ്യുന്നുണ്ടായിരുന്നു ജോലി കിട്ടുന്നത് വരെ,

വെറുതെയിരിക്കേണ്ടല്ലോ അത് കൊണ്ട് ചെറിയൊരു മൊബൈൽ ഷോപ്പ് തുടങ്ങാനുള്ള കാശ് അച്ഛനോട് വാങ്ങി തരുമോ അമ്മാ ..എന്നവൻ എന്നോട് ചോദിച്ചപ്പോൾ ഞാനദ്ദേഹത്തോട് അവന് വേണ്ടി റക്കമൻഡ് ചെയ്തു

ആദ്യമൊക്കെ നെഗറ്റീവടിച്ചെങ്കിലും എൻ്റെ നിർബന്ധം കൊണ്ട് മകന് കട തുടങ്ങാനുള്ള തുക അദ്ദേഹം ചിട്ടി പിടിച്ച് കൊടുത്തു

മ്ഹും, മോൻ്റെ താളത്തിനൊത്ത് നീ ആടാൻ നിന്നാൽ അവസാനം ദു:ഖിക്കേണ്ടി വരുമേ.. ഞാൻ പറഞ്ഞേക്കാം

വീണ്ടും അമ്മായിയമ്മ മുന്നറിയിപ്പ് തന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല

പക്ഷേ പെട്ടെന്നൊരു ദിവസം എൻ്റെ മോൻ വിഷ്ണു ഒരു പെൺകുട്ടിയെയും കൊണ്ട് വീട്ടിലേക്ക് കയറി വന്നു

അമ്മേ ഇവളും ഞാനും തമ്മിൽ കുറച്ച് നാളായി ഇഷ്ടത്തിലായിരുന്നു

ഇപ്പോഴിവളുടെ വീട്ടിൽ വേറെ കല്യാണാലോചന നടക്കുന്നുണ്ട്

ഇവളാണെങ്കിൽ എന്നോടൊപ്പം ജീവിച്ചാൽ മതിയെന്നാണ് പറയുന്നത് ,ഞാനെന്താ അമ്മേ ചെയ്യേണ്ടത് ?

എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ,ഞാൻ കൊടുത്തിട്ടുള്ളത് കൊണ്ടാണ് അവനെൻ്റെ അഭിപ്രായം ആരാഞ്ഞത്

ഇവളെ നീ സ്നേഹിച്ചത്, എന്നോട് ചോദിച്ചിട്ടായിരുന്നോ?

അത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ലേ?

അപ്പോൾ സ്നേഹിച്ചവളെ സ്വീകരിക്കണോ ഉപേക്ഷിക്കണോ എന്ന് ഞാനല്ലല്ലോ പറയേണ്ടത്

പക്ഷേ അമ്മേ .. ഇവള് നമ്മുടെ ജാതിയല്ല മുത്തശ്ശിയും ,അമ്മായിയും ഇവളെ വീട്ടിൽ കയറ്റാൻ സമ്മതിക്കുമോ?

അതിന് നീ അവളെയും കൊണ്ട് തറവാട്ടിലേക്കല്ലല്ലോ പോകുന്നത് ഇവിടെ നിൻ്റെ അച്ഛൻ പണിത നിൻ്റെ വീട്ടിലേക്ക് തന്നെയല്ലേ അതിനിപ്പോൾ അവരുടെ അനുവാദത്തിൻ്റെ ആവശ്യമൊന്നുമില്ല

ഞാൻ തറപ്പിച്ച് പറഞ്ഞപ്പോൾ എനിക്ക് സമ്മതമാണെന്ന് അവന് മനസ്സിലായി ,എന്തായാലും അവളുടെ വീട്ടുകാർ സ്വന്തം മകളെ ഒരന്യജാതിക്കാരന് കൊടുക്കില്ലെന്ന് വിഷ്ണുവിൻ്റെ സംസാരത്തിൽ നിന്ന് എനിക്ക് ബോധ്യമായത് കൊണ്ട്

ഞാൻ പിന്നെ ആ പെൺകുട്ടിയുടെ വീട്ടുകാരോട് സമ്മതം ചോദിക്കാനൊന്നും പോയില്ല ,തൊട്ടപ്പുറത്ത് തറവാട്ടിൽ താമസിക്കുന്ന അമ്മായിയമ്മയും സുഭദ്രയും ഇതറിഞ്ഞാൽ ഉറഞ്ഞ് തുള്ളുവെനറിയാവുന്നത് കൊണ്ട് അവരോടും ഞാൻ ഒന്നും മിണ്ടിയില്ല പക്ഷേ അവൻ്റെ അച്ഛനോട് കൂടി ആലോചിച്ചിട്ട് ഒരു തീരുമാനമെടുക്കാം എന്ന് പറഞ്ഞിട്ട് ഞാൻ അദ്ദേഹത്തിന് ഫോൺ ചെയ്തു

അവര് തമ്മിൽ ഇഷ്ടമാണെങ്കിൽ പിന്നെ നമുക്കവിടെ റോളൊന്നുമില്ല സുധർമ്മേ ..എനിക്കുടനെ ലീവൊന്നും കിട്ടില്ല തത്ക്കാലം നിലവിളക്ക് കൊടുത്ത് നീയാ കുട്ടിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്ക് ബാക്കി ചടങ്ങുകളൊക്കെ ഞാൻ വന്നിട്ട് നടത്താം ,അമ്മയോടും ചേച്ചിയോടും ഞാൻ വിളിച്ച് സംസാരിച്ചോളാം

അദ്ദേഹത്തിൻ്റെ പിന്തുണ കൂടി കിട്ടിയപ്പോൾ എനിക്ക് ധൈര്യമായി .ഞാനെൻ്റെ വിഷ്ണുവിൻ്റെ പെണ്ണിനെ കൈപിടിച്ച് അകത്തേയ്ക്ക് കയറ്റി

എടീ ഇതാ പറയുന്നത്, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്ന് ഇപ്പോഴെന്തായി ,ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചില്ലേ? ജാതിയും മതവും നോക്കാതെ അവൻ കണ്ടവള്മാരെയും കൊണ്ട് വന്നപ്പോൾ നിനക്ക് സമാധാനമായല്ലോ?

കുറച്ച് കഴിഞ്ഞപ്പോൾ അമ്മായിയമ്മ ഊരിപിടിച്ച വാളുമായി കയറി വന്നു.

എൻ്റമ്മേ… ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത് തന്നെയാ, എന്തായാലും അവന് കല്യാണപ്രായമായി,

ഇന്നല്ലെങ്കിൽ നാളെ നമ്മളവന് പെണ്ണ് തേടി നടക്കണം ഇതിപ്പോൾ അവൻ സ്വയം കണ്ട് പിടിച്ചോണ്ട് വന്നത് കൊണ്ട് നമുക്കത്രയും ജോലി ഭാരം കുറഞ്ഞില്ലേ?

ഞാനവരെ സമാധാനിപ്പിക്കാൻ നോക്കി.

ങ്ഹാ,നീ നിൻ്റെ ഇഷ്ടം പോലെ ചെയ്യ് ,ഞാനൊന്നും പറയുന്നില്ല

അമർഷത്തോടെ അമ്മായിയമ്മ വന്ന സ്പീഡിൽ തിരിച്ച് പോയി.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുഭദ്രേച്ചി ഒരു പെൺകുട്ടിയുടെ ഫോട്ടോയുമായി എൻ്റെയടുത്ത് വന്നു

നീയിതൊന്ന് നോക്കിയേ ,എങ്ങനുണ്ടെന്ന് പറ

കൊള്ളാം നല്ല സുന്ദരിയാണ് എന്താ ചേച്ചി?

ഞാൻ ജിജ്ഞാസയോടെ ചോദിച്ചു

അഭിക്ക് വന്നൊരു ആലോചനയാണ് വലിയ തറവാട്ട്കാരാ

ആണോ? അഭിക്കിഷ്ടപ്പെട്ടോ?

എനിക്കിഷ്ടപ്പെട്ടത് അവന് ഇഷ്ടപ്പെടാതിരിക്കില്ല,

ഞാനെന്തായാലും ഫോട്ടോ അയച്ച് കൊടുത്തിട്ട് ,അവൻ്റെ അച്ഛനോട് ഇതങ്ങ് ഉറപ്പിക്കുവാണെന്ന് പറഞ്ഞു, അദ്ദേഹത്തിന് എതിർപ്പൊന്നുമില്ലായിരുന്നു,

എന്നാലും അഭിയുടെ സമ്മതം കൂടി വാങ്ങേണ്ടതായിരുന്നു

ഓഹ് പിന്നെ, അവനല്ല, ഞാനാണ് അവൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്

സുഭദ്രേച്ചി നീരസത്തോടെയത് പറഞ്ഞപ്പോൾ,

ഞാൻ പിന്നെ തർക്കിക്കാൻ പോയില്ല.

പിന്നെ കാര്യങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു

അഭിയും അച്ഛനും കല്യാണത്തിന് ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്ന് നാട്ടിലെത്തി.

നാടടച്ച് ക്ഷണിച്ച് ,അഭിയുടെ വിവാഹം വളരെ ആഡംബരമായിട്ടാണ് സുഭദ്രേച്ചി നടത്തിയത്,

അതിൻ്റെ സന്തോഷവും അഭിമാനവും അവരുടെ മുഖത്ത് തെളിഞ്ഞ് നിന്നിരുന്നു.

പക്ഷേ ,ആ സന്തോഷം അധികനാൾ നീണ്ട് നിന്നില്ല,

പുതുമോടി മാറുന്നതിന് മുമ്പ് അഭിയുടെ ബെഡ് റൂമിൽ നിന്നും അപസ്വരങ്ങൾ കേട്ട് തുടങ്ങി

അവൻ്റെ ഭാര്യയുടെ തേങ്ങലും പരാതി പറച്ചിലും സുഭദ്രേച്ചിയുടെ ചെവിയിലുമെത്തി.

മരുമകളെ സമാധാനിപ്പിക്കാൻ സുഭദ്രേച്ചി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും, അതൊക്കെ വിഫലമായെന്ന് ഒരു ദിവസം രാവിലെ അഭിയുടെ ഭാര്യ വലിയ ബാഗുമായി പുറത്തേക്കിറങ്ങി പോകുന്നത് കണ്ടപ്പോൾ, എനിക്ക് മനസ്സിലായി.

അത് വരെ അവരുടെ പ്രശ്നമെന്താണെന്നറിയാൻ ശ്രമിക്കാതിരുന്ന എൻ്റെയരികിലേക്ക്, പൊട്ടിക്കരഞ്ഞുകൊണ്ട് സുഭദ്രേച്ചി വന്നിട്ട് ,ആ ഞെട്ടിക്കുന്ന സത്യം എന്നോട് തുറന്ന് പറഞ്ഞു.

ങ്ഹേ ,സത്യമാണോ ചേച്ചി പറയുന്നത്,എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല

അതെ ,സുധർമ്മേ…

അവരിത് വരെ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, മാസം ഒന്നായിട്ടും ,അവൻ അവളോടിത് വരെ ഒന്ന് സംസാരിക്കുകയോ സ്നേഹത്തോടെ അവളുടെ മുഖത്തോട്ടൊന്ന് നോക്കുകയോ ചെയ്തിട്ടില്ലെന്നാണവൾ പരാതി പറഞ്ഞത് ,

അതിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവൻ പറയുവാ, അവളുടെയടുത്ത് നില്ക്കുമ്പോൾ അവൻ്റെ കൈകാലുകൾ വിറയ്ക്കുകയും തൊണ്ടയുണങ്ങുകയുമൊക്കെ ചെയ്യുമെന്ന്, അത് കൊണ്ട് എങ്ങനെയെങ്കിലും അവന് വിവാഹമോചനം വേണമെന്ന് അവളുടെ മുന്നിൽ വച്ചാണവൻ പറഞ്ഞത്, അത് കേട്ട് കൊണ്ട്, അഭിമാനമുള്ള പെൺകുട്ടികളാരെങ്കിലും പിന്നെ അവനോടൊപ്പം ജീവിക്കുമോ ?

അതാണവള് ഇറങ്ങിപ്പോയത് ,ഞാനിനി എന്ത് ചെയ്യും സുധർമ്മേ,,

നാട്ടുകാരറിഞ്ഞാൽ ഈ തറവാടിൻ്റെ അന്തസ്സ് പോകില്ലേ?

സുഭദ്രേച്ചി ,നിസ്സഹായതയോടെ എന്നോട് ചോദിച്ചു.

ചേച്ചി ഇങ്ങനെ അപ്സെറ്റാവാതെ, നമുക്ക് വഴിയുണ്ടാക്കാം , അവൻ വളർന്ന് വന്ന സാഹചര്യമാണ് അവനെ ഇങ്ങനെയാക്കി തീർത്തത് ,അതിൻ്റെ കാരണം ചേച്ചി തന്നെയാണന്നേ ഞാൻ പറയു ,മക്കളെ വളർത്തുമ്പോൾ, അവർ നമ്മളോട് വിധേയപ്പെട്ട് ജീവിക്കണമെന്ന്,ഒരിക്കലും നമ്മൾ വാശി പിടിക്കരുത് ,കുറച്ചൊക്കെ സ്വാതന്ത്ര്യം നമ്മളവർക്ക് കൊടുക്കണം ,അതിലൊന്നാണ് ഇഷ്ടപ്പെട്ട കൂട്ടുകാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ,

പെൺകുട്ടികളുമായി കൂട്ട് കൂടിയാൽ ,വഴി പിഴച്ച് പോകുമെന്ന ചേച്ചിയുടെ ഉപദേശമാണ്, അവരിൽ നിന്നും അകന്ന് ജീവിക്കാൻ അവനെ പ്രേരിപ്പിച്ചത് ,

അന്ന് മുതൽ പെൺകുട്ടികളെ അവൻ ഭയത്തോടെ മാത്രമാണ് നോക്കിക്കണ്ടത് ,അത് കൊണ്ട് തന്നെ,

എന്നെങ്കിലുമൊരിക്കൽ ഒരു പെൺകുട്ടി തൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറുമെന്ന് അവനൊരിക്കലും കരുതിയിട്ടുണ്ടാവില്ല,

പെട്ടെന്നൊരു ദിവസം, തൻ്റെ ശത്രുവായൊരാൾ ജീവിത പങ്കാളിയായി തീർന്നപ്പോൾ, അവനത് പെട്ടെന്ന് അക്സപ്റ്റ് ചെയ്യാൻ കഴിയാതെ വന്ന് കാണും ,അതവൻ്റെ കുഴപ്പമല്ല, അവൻ വളർന്ന് വന്ന സാഹചര്യമതാണ് ,

ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല

ആദ്യം നമുക്കവനെ ഒരു സൈക്കോളജിസ്റ്റിനെ കാണിക്കാം ,ഒന്നോ രണ്ടോ കൗൺസിലിങ്ങ് കൊണ്ട് മാറാവുന്നൊരു നിസ്സാര പ്രശ്നമായിട്ടിതിനെ കണ്ടാൽ മതി ,പിന്നെ ദേവേട്ടനെ ആ കുട്ടിയുടെ വീട്ടിലേക്ക് ഇന്ന് തന്നെ അയച്ചിട്ട്, അവളുടെ പേരൻ്റ്സിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം ,ചേച്ചി വിഷമിക്കണ്ട ,എല്ലാം ശരിയാവും

താങ്ക് യു സുധർമ്മേ.. എനിക്കിപ്പോഴാ ഒരു സമാധാനമായത്, ഇത് വരെ നെഞ്ചിനകത്തൊരു പുകച്ചിലായിരുന്നു,

എനിക്ക് നന്ദിയും പറഞ്ഞ് സുഭദ്രേച്ചി പോയപ്പോൾ,

അടുക്കള ഭാഗത്ത് നിന്ന് എൻ്റെ മരുമകൾ പതിവില്ലാതെ ഓക്കാനിക്കുന്നത് കണ്ട്, ഞാൻ കലണ്ടറിലേക്ക് തുറിച്ച് നോക്കി.

എൻ്റെ ഭഗവതീ.. ചെറുക്കൻ പണിപറ്റിച്ചല്ലോ ?ഈ മാസവും കലണ്ടറിൽ, ചുവന്ന വൃത്തങ്ങൾ ഒന്നും തന്നെയില്ല

ആഹ്ളാദം കൊണ്ട് എൻ്റെ മനസ്സ് നിറഞ്ഞു

ശുഭം…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ് .

Scroll to Top