ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയെ വിശ്വസിക്കാൻ എനിക്ക് തന്നെ കഴിഞ്ഞില്ല…

രചന : Vidya Gopinath

   

വെഡ്ഡിങ് ആനിവേഴ്സറി

❤❤❤❤❤❤❤

രാവിലെ തന്നെ വാട്‌സാപ്പിലും ഫേസ് ബുക്കിലും ഞാനും കെട്ട്യോനും കൂടെ നിൽക്കുന്ന ഫോട്ടോയും അടിക്കുറിപ്പായി

“”10 years of togetherness””

എന്ന സ്റ്റാറ്റസ് ഇട്ടപ്പോൾ തന്നെ ആശംസകൾ അറിയിച്ചു കൊണ്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും… എന്തിന് കൂടുതൽ പറയുന്നു ഇത് വരെ നേരിട്ട് പരിചയപ്പെടാത്ത ഫേസ്ബുക് ഫ്രണ്ട്സിന്റെ വരെ ആശംസകൾ വന്നു…

എന്നിട്ടും എന്റെ കെട്ട്യോൻ സ്വന്തം വിവാഹവാർഷികം അതിന്നാണെന്ന് പോലും ഓർക്കാതെ അതിരാവിലെ തന്നെ ജിമ്മിലേക്ക് വിട്ടിട്ടുണ്ട്… വലിയ പോലീസുകാരനൊക്കെയാണ്.. പറഞ്ഞിട്ടെന്താ കാര്യം… സ്വന്തം വിവാഹവാർഷികം പോലും ഓർമ ഇല്ലാത്ത ഒരു മനുഷ്യൻ… ഓർക്കുന്തോറും എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…

വേറൊന്നും കൊണ്ടല്ല… ആളെ പോലെ തന്നെ ഞാനും ഒരു ഉദ്യോഗസ്ഥയാണ്… ജോലിയുടേതായ ടെൻഷൻ രണ്ടുപേർക്കും ഉണ്ട്…

എന്നിട്ടും ഞാൻ വെഡിങ് ആനിവേഴ്‌സറിയും ആളുടെ ജന്മദിനവും മോൾടെ ജന്മദിനവും ഒക്കെ ഓർത്തു വെക്കുന്നില്ലേ എന്നാണ് അപ്പോൾ എന്റെ മനസ്സിൽ തോന്നിയത്…

ഞാൻ ഇങ്ങനെ ഓരോന്ന് പറയുന്നതല്ലാതെ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ…

ഞാൻ അഞ്ജന… പ്രൈവറ്റ് ഫിനാൻസ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ ആണ്.. ഭർത്താവ് നീരജ്…

പോലീസ് ഉദ്യോഗസ്ഥനാണ്… ജോലി പോലീസിൽ ആയത് കൊണ്ടു മാത്രം പുകഴ്ത്തി പറയുന്നതല്ല ആൾ നല്ല ദേഷ്യക്കാരനാണ്….. ദേഷ്യം വന്നാൽ പിന്നെ ആളെ പിടിച്ചാൽ കിട്ടൂല്ല… പിന്നെ ഒരേയൊരു മകൾ നിരഞ്ജന… നാലാം ക്ലാസിൽ പഠിക്കുന്നു… ഓൺലൈൻ പഠിത്തം ഒക്കെ ആയി ആള് വലിയ തിരക്കായിപ്പോയി….

ഇന്ന് വെഡിങ് ആനിവേഴ്‌സറി ആയിട്ട് എല്ലാവരും ആശംസകൾ അറിയിച്ചിട്ടും സ്വന്തം കെട്ട്യോന്റെ വക ഒരു ആശംസ ലഭിക്കാഞ്ഞത് കൊണ്ട് എന്റെ ഉള്ളിൽ നീരസവും ദേഷ്യവും അതിനേക്കാളേറെ സങ്കടവും തോന്നി….

അടുക്കളയിൽ ഓരോ പണി ചെയ്യുന്നതിനിടയിലും ഡൈനിങ് ടേബിളിലിരുന്ന് പത്ര വായനയിൽ മുഴുകി ഇരിക്കുന്ന കെട്ട്യോനെ ഇടക്കിടക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു… ആള് പക്ഷെ പരീക്ഷക്കെന്തോ കാര്യമായി പഠിക്കുന്നത് പോലെ പത്രത്തിലേക്ക് വിശദമായി കണ്ണോടിക്കുക ആയിരുന്നു അപ്പോൾ…..

സാധാരണ ഫോൺ കൈയിൽ നിന്ന് മാറ്റാത്ത ആളാണ്.. ഇതിപ്പോൾ അടുത്തു വെച്ചിരിക്കുന്ന ഫോൺ നോക്കുന്നതു കൂടിയില്ല…

എന്തായാലും ഞാനൊരു കാര്യം തീരുമാനിച്ചു… സാധാരണ എല്ലാ വർഷവും ഈ ദിവസം ഞാനല്ലേ ഓർമിപ്പിക്കാറുള്ളത്… ഇത്തവണ ഓർമ്മിപ്പിക്കാൻ പോകുന്നില്ല എന്നു തന്നെ ഞാൻ മനസ്സിൽ കരുതി…

ആള് വിഷ് ചെയ്തില്ലെങ്കിൽ എനിക്കെന്താ എന്ന് മനസ്സിൽ ഒരു നൂറു തവണ പറഞ്ഞ് സ്വയം ഞാൻ സമാധാനിക്കാൻ ശ്രമിച്ചെങ്കിലും മനസ് ആകെ കൈവിട്ടു പോകുന്നത് പോലെ തോന്നി…

ആൾക്ക് നല്ലത് പോലെ അറിയാവുന്നതാണ് എനിക്ക് വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല എന്ന്.. എല്ലാ പ്രാവശ്യവും വിവാഹവാർഷികത്തിന്റെ ഒരാഴ്ച്ച മുൻപേ തൊട്ട് തലേ ദിവസം വരെ ഞാൻ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും…

അതുകൊണ്ട് വൈകുന്നേരം വരുമ്പോൾ കുറഞ്ഞത് നാലുമുഴം മുല്ലപ്പൂ എങ്കിലും വാങ്ങിച്ചുകൊണ്ടു വരും

ആരും തെറ്റിദ്ധരിക്കണ്ട…. പിറ്റേ ദിവസം അമ്പലത്തിൽ പോകുമ്പോൾ എന്റെ മുടിയിൽ ചൂടാനുള്ളതാ..

അടുത്ത ദിവസം ആളുടെ ദിനവുമുള്ള ജോഗിങ് ഒഴിവാക്കി അതിരാവിലെ തന്നെ ഞങ്ങൾ രണ്ടാളും കൂടി അമ്പലത്തിലേക്ക് പോകാൻ നേരം ആള്, ഈ മുല്ലപ്പൂ എന്റെ തലമുടിയിൽ ചൂടി തരികയും സീമന്തരേഖയിൽ സിന്ദൂരം തൊട്ടു തരികയും തന്നെ ചേർത്തു നിർത്തി ”ഹാപ്പി ആനിവേഴ്സറി ഡീ …” എന്നും പറയുമ്പോൾ തന്നെ എന്റെ മനസ് നിറഞ്ഞ് കണ്ണെല്ലാം നിറഞ്ഞു തുളുമ്പിയിരിക്കും….

ആ ഒരു നിമിഷം നെഞ്ചോട് ചേർത്തു പിടിക്കുമ്പോഴുള്ള സുരക്ഷിതത്വം… അതിൽ ഉണ്ട് ആളുടെ സ്നേഹവും കരുതലും ഒക്കെ… അത് മാത്രമേ ഈ പത്തു വർഷമായിട്ടും ഞാൻ ആഗ്രഹിക്കുകയും നിർബന്ധം പിടിക്കുകയും ചെയ്തിട്ടുള്ളൂ…

അങ്ങനെയുള്ള എന്നോടാണ് ആളൊരു ആശംസ പോലും പറയാതെ പത്രവും വായിച്ചു കൊണ്ടിരിക്കുന്നത്.

പത്രവായനയിൽ മുഴുകിയുള്ള ഇരിപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി ഇന്നിനി അമ്പലത്തിൽ പോകാനുള്ള പ്ലാനൊന്നും ഇല്ലായെന്ന്… വിവാഹവാർഷികത്തിന്റെ കാര്യമേ മറന്നു പോയെന്ന്…..

അതെല്ലാം കൂടി ആലോചിച്ചപ്പോൾ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനായിട്ട് ഓർമിപ്പിക്കുന്നില്ല എന്ന് തന്നെ ഞാനും തീരുമാനിച്ചു… സത്യം പറഞ്ഞാൽ പിണക്കമോ ദേഷ്യമോ ഈഗോയോ സങ്കടമോ ഒക്കെ തോന്നിയത്തിന്റെ പേരിൽ എടുത്ത തീരുമാനം ആയിരുന്നു അത്….

ആള് പോലീസ് ഡിപ്പാർട്മെന്റിൽ ആയത് കൊണ്ട് കുറച്ചു ദിവസം ആയി എന്തൊക്കെയോ കേസിന്റെ കാര്യം പറഞ്ഞു ടെൻഷനിൽ നടക്കുകയായിരുന്നു.. എന്നോടത് ഒരിക്കൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു… ഇന്ന് അതിന്റെ ലാസ്റ്റ് ക്ലിയറൻസ് ആയത് കൊണ്ട് നേരത്തെ സ്റ്റേഷനിൽ പോകണം എന്ന് പറഞ്ഞു ആള് ഫ്രഷ് ആയി ബുള്ളറ്റും എടുത്ത് ഉടനെതന്നെ ഇറങ്ങി…

എനിക്കും ഇന്ന് ഓഫീസിൽ പോകണമെന്നത് കൊണ്ട് വൈകുന്നേരം എന്തായാലും രണ്ടാൾക്കും കൂടി അമ്പലത്തിൽ പോകാമെന്ന് കരുതി ഞാൻ സമാധാനിച്ചു……

മോൾക്ക് ഓൺലൈൻ ക്ലാസ് ആയത്കൊണ്ട് ഓഫീസിൽ പോകുന്ന വഴിയിൽ മോളെ ഞാൻ എന്റെ വീട്ടിൽ ആക്കിയിട്ടാണ് പോകാറ്‌… തിരികെ വരുമ്പോൾ അവളെ ഞാനോ നീരജോ പിക്ക് ചെയ്യും.. അതാണ് പതിവ്….

സമയം പോയത് കൊണ്ട് മോളെ ഞാൻ വീട്ടിൽ ഇറക്കിയിട്ടു ഉടനെ തന്നെ ഓഫിസിലേക്ക് തിരിച്ചു…

പോകുന്ന വഴിയിൽ ബേക്കറിയിൽ കയറി ഓഫീസിൽ ഉള്ളവർക്ക് സ്വീറ്റ്സും വാങ്ങിയാണ് ഞാൻ പോയത് .. കാരണം രാവിലെ തന്നെ സഹപ്രവർത്തകർ എല്ലാവരും വിഷ് ചെയ്തപ്പോൾ തന്നെ സ്വീറ്റ്സും കൊണ്ട് വന്നേക്കണമെന്നാണ് ഓർഡർ…

നീരജിന്റെ ഭാഗത്തു നിന്നുള്ള പെരുമാറ്റം മനസിന് വല്ലാത്തൊരു സങ്കടമായി തീർന്നിരുന്നു… എങ്കിലും മറ്റുള്ളവരുടെ മുൻപിൽ സന്തോഷമായി തന്നെ അഭിനയിച്ചു…

ഓഫീസിൽ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തപ്പോൾ കൂട്ടത്തിലൊരാൾ ചോദിച്ചു..

“സ്വീറ്റ്സ് മാത്രമേ ഉള്ളോ അഞ്ജന മേഡം ഞങ്ങൾ വലിയൊരു ട്രീറ്റ് ആണ് പ്രതീക്ഷിക്കുന്നത്… ”

മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ അയാളോട് പറഞ്ഞൂ.

“അതൊക്കെ പിന്നൊരിക്കൽ ആവട്ടെ അനീഷ്….” അതും പറഞ്ഞു ഞാൻ എന്റെ ചെയറിൽ പോയിരുന്നു…

ഓഫീസിലെ ജോലിക്കിടയിലും ഞാൻ ഫോൺ എടുത്തു നോക്കുന്നുണ്ടായിരുന്നു… ആളുടെ ഒരു മെസ്സേജ് എങ്കിലും വന്നിട്ടുണ്ടോ എന്ന്… ഒന്നുമില്ല എന്നു കണ്ടതും എന്തോ മിഴികൾ അറിയാതെ വീണ്ടും നിറഞ്ഞു തുടങ്ങിയിരുന്നു….

ഉച്ചയ്ക്ക് എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി ഫോൺ എടുത്തു ആൾക്ക് മെസേജ് ഇട്ടാലോ എന്നു കരുതി… പക്ഷെ എന്റെ വാശിയും സങ്കടവും കാരണം അത് വേണ്ടെന്ന് വെച്ചു ഫോൺ എടുത്തു ഹാൻഡ്ബാഗിലിട്ടു.. അല്ലെങ്കിൽ ഫോൺ കാണുമ്പോൾ ഇടയ്ക്കിടക്ക് നോക്കാൻ തോന്നും കെട്ട്യോന്റെ വല്ല മെസ്സേജും ഉണ്ടോയെന്ന്….

അതിനിടയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഉണ്ടായിരുന്നു… ആളെ ഇന്ന് ഓൺലൈനായി ഫേസ്ബുക്കിലോ വാട്‌സാപ്പിലോ കണ്ടില്ല എന്നുള്ളതാണ്…

ഇന്നല്പം തിരക്ക് ആയിരിക്കും എന്ന് പറഞ്ഞിട്ടാണ് ആളിറങ്ങിയതെങ്കിലും എപ്പോഴെങ്കിലും വാട്‌സാപ് സ്റ്റാറ്റസോ ഫേസ്ബുക്ക് സ്റ്റോറിയോ കണ്ടിട്ട് വിളിക്കുമെന്ന് തന്നെ ആയിരുന്നു ഇതുവരെ പ്രതീക്ഷിച്ചത്….

പക്ഷെ ആളുടെ ഭാഗത്തു നിന്നും അങ്ങനെയൊന്നും ഉണ്ടായില്ല എന്നത് എന്നെ കൂടുതൽ സങ്കടത്തിലാക്കി

ആള് എന്നോട് എന്തെങ്ങനൊക്കെ കാണിച്ചാലും എല്ലാ പ്രാവശ്യവും ഞാൻ ഒരു ജീൻസും ടീഷർട്ടും സ്‌പെഷ്യൽ ആയി ഇന്നത്തെ ദിവസം പ്രസെൻറ് ചെയ്യാറുണ്ട്… തിരിച്ചു എനിക്കും ഗിഫ്റ്റ് ചെയ്യാറുണ്ട്..

ഇപ്രാവശ്യം ആൾക്ക് ഓർമ ഇല്ലാത്തത് കൊണ്ട് ഞാൻ അതും പ്രതീക്ഷിക്കണ്ട…

ഫ്രണ്ട്സും റിലേറ്റിവ്സും ഒക്കെ കേക്ക് മുറിച്ചു ആനിവേഴ്സറിയും ബർത്ഡേയും ഒക്കെ സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുമ്പോൾ സ്വപ്നം കാണാറുണ്ട് .. അതുപോലൊക്ക ഒന്ന് ആഘോഷിക്കാൻ..

പക്ഷെ എന്റെ കെട്ട്യോന് ഈ വക കലാപരിപാടികളോട് വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ എന്റെ സ്വപ്നം മനസിൽ തന്നെ വെക്കാറാണ് പതിവ്…

അങ്ങനെ എന്തെങ്കിലും ഞാൻ എന്റെ മനസിലുള്ള സ്വപ്നം അറിയാതെ പറഞ്ഞാൽ തന്നെ ആൾ പറയും… “ഡീ… സ്നേഹം എന്നു പറയുന്നത് നമ്മുടെ മനസ്സിലാണ് ഉണ്ടാവേണ്ടത്…. അല്ലാതതിങ്ങനെ മറ്റുള്ളവരെ കാണിക്കാൻ ആവരുത്….”

അപ്പോൾ ഞാൻ കുഞ്ഞു പരിഭവത്തോടെ പറയും…

“മറ്റുള്ളവരെ കാണിക്കാൻ അല്ലെങ്കിലും ഈ മനസിലുള്ള സ്നേഹം എന്നോട് തുറന്ന് കാണിച്ചാൽ മതിയാരുന്നു… അതെങ്ങനാ…. സ്നേഹം മനസിൽ വെക്കാനല്ലേ അറിയൂ… എക്സ്പ്രസ് ചെയ്യാൻ അറിയില്ലല്ലോ…. നിങ്ങളൊരു അൺ റൊമാന്റിക് ഭർത്താവാ…”

എന്നും പറഞ്ഞു ഞാൻ മുഖവും വീർപ്പിച്ചു കൊണ്ട് പോകുമ്പോൾ ആളെന്നെ നോക്കി ഒരു കള്ളച്ചിരി ഉണ്ട്…

“എന്റെ സ്നേഹം നിനക്കും മോൾക്കും അല്ലാതെ പിന്നെ ആർക്കാടി ഞാൻ കൊടുക്കുന്നതെന്ന” ഭാവത്തോടെയുള്ള ചിരി….

ഓരോന്ന് ആലോചിച്ചു ഷോപ്പിൽ കയറി ആൾക്കുള്ള ഗിഫ്റ്റും വാങ്ങി ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു…

അടുത്ത ദിവസം അവധി ആയത് കൊണ്ട് മോൾക്ക് ഓൺലൈൻ ക്ലാസ്സില്ല… അതുകൊണ്ട് അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കൂടെ രണ്ടു ദിവസം നിന്നിട്ട് വരാം എന്ന് മോൾ ഫോൺ ചെയ്തു പറഞ്ഞത് കൊണ്ട് നേരെ ഞാൻ അവിടേക്ക് പോകാതെ വീട്ടിലേക്കാണ് പോയത്…

റോയൽ എൻഫീൽഡ് പോർച്ചിൽ തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ മനസിലായി ആൾ ജോലിയും കഴിഞ്ഞു എത്തിയിട്ടുണ്ടെന്ന്…..

ഉടനെ തന്നെ ദേഷ്യവും സങ്കടവും ഒക്കെ എന്റെ മുഖത്ത് ഞാൻ മാക്സിമം വാരി വിതറി…..

കോളിംഗ് ബെൽ അടിച്ചിട്ട് വാതിൽ തുറക്കാൻ ഞാൻ കാത്തു നിന്നു…

വാതിൽ തുറന്നപ്പോൾ ഞാൻ കണ്ട കാഴ്ചയെ എനിക്ക് വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല… അതുവരെ മനസിൽ ഒതുക്കിയ സങ്കടവും ദേഷ്യവുമെല്ലാം മിഴിനീരിലൂടെ പുറത്തേക്കിറങ്ങി…

ഒരു വലിയ ഗ്രാൻഡ് പാർട്ടി തന്നെ ആൾ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു..

ഞങ്ങളുടെ ഇരുവീട്ടുകാരും അടുത്ത ബന്ധുക്കളും എന്റെ ഓഫീസിലെ സ്റ്റാഫും കൂട്ടുകാരും ആളുടെ ഫ്രണ്ട്സും എല്ലാവരും അവിടെ ഉണ്ടായിരുന്നു…

മിഴികൾ നിറഞ്ഞൊഴുകി നിൽക്കുന്ന എന്നെ കണ്ടപ്പോൾ നീരജ് പറഞ്ഞു വേഗം പോയി ഫ്രഷ് ആയിട്ടു വരാൻ..

പിന്നെ ഒരോട്ടം ആയിരുന്നു ഞാൻ റൂമിലേക്ക്…. പെട്ടെന്ന് തന്നെ ഫ്രഷ് ആയി റൂമിൽ നിന്ന് ഇറങ്ങാൻ നേരം ആൾ എന്റെ അടുത്തേക്ക് വന്ന് സിന്ദൂരച്ചെപ്പിൽ നിന്ന് അല്പം കുങ്കുമം എടുത്ത് സീമന്തരേഖയിൽ തൊടുവിക്കുകയും തലമുടിയിൽ മുല്ലപ്പൂവും ചൂടി തന്നു…

ഒപ്പം ആ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ഒരൊന്നൊന്നര ആനിവേഴ്‌സറി ആശംസയും… മിഴികൾ വല്ലാതങ്ങ് നിറഞ്ഞു പോകുന്നുണ്ടായിരുന്നു…

നീരജ് എല്ലാം പ്രീപ്ലാൻഡ് ആയിരുന്നു എന്നെനിക്ക് അപ്പോൾ മനസിലായി… മനപ്പൂർവം ആശംസ അറിയിക്കാൻ മറന്നതും ഞാൻ അറിയാതെ ഗ്രാൻഡ് പാർട്ടി തീരുമാനിക്കുകയും എല്ലാവരെയും ക്ഷണിക്കുകയും ഇന്നത്തെ ദിവസം എനിക്ക് സർപ്രൈസ് ഒരുക്കുകയും എല്ലാം ആളുടെ അടുത്തു നിന്നും കേട്ടപ്പോൾ സന്തോഷത്താൽ നിറമിഴികളോടെ കേട്ട്കൊണ്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു…

ഞാനും കെട്ട്യോനും എല്ലാവരുടെയും അനുഗ്രഹത്തോട് കൂടി കേക്ക് എല്ലാം കട്ട് ചെയ്തു… എല്ലാവരും കൂടി അടിച്ചുപൊളിച്ചു ഞങ്ങളുടെ പത്താം വെഡിങ് ആനിവേഴ്‌സറി…

പാർട്ടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയതിന് ശേഷം അടുത്തുള്ള അമ്പലത്തിൽ നട അടയ്ക്കുന്നതിന് മുൻപ് തന്നെ പോയി ഞങ്ങൾ രണ്ടുപേരും തൊഴുതു പ്രാർത്ഥിച്ചു…

എന്റെ സീമന്തരേഖയിൽ അർച്ചന പ്രസാദത്തിൽ നിന്നും നീരജ് കുങ്കുമം തൊടുവിക്കുമ്പോൾ ആൾ കെട്ടിയ താലി ഞാൻ ഇരു കൈകളാലും മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തു വെച്ചു പ്രാർത്ഥിക്കുകയായിരുന്നു….

ഇത് പോലൊരു കെട്ട്യോനെ കിട്ടിയതിൽ ഞാൻ എത്രമാത്രം ഭാഗ്യവതിയാണെന്ന്… വേറൊന്നും കൊണ്ടല്ല ആൾക്ക് സ്നേഹം അമിതമായി പ്രകടിപ്പിക്കാൻ ഒന്നും അറിയില്ലെങ്കിലും ആ മനസ് നിറയെ ഞാനും മോളും മാത്രമാണെന്നും ഞങ്ങളാണ് ആളുടെ ലോകമെന്നും നീരജ് പറയുമ്പോൾ ഇതിൽപ്പരം സന്തോഷം നിറഞ്ഞ വാക്ക്…. അല്ലെങ്കിൽ ഗിഫ്റ്റ്… വേറെന്താണ് ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് വേണ്ടത്….

ഇത് തന്നെയാണ് ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം സ്വന്തം ഭർത്താവിൽ നിന്ന് കിട്ടുന്ന ഏറ്റവും സുന്ദരമായ വാക്കും സമ്മാനവും…..

തിരികെ വീട്ടിലേക്ക് ഞാനും കെട്ട്യോനും ഞങ്ങളുടെ റോയൽ എൻഫീൽഡിൽ പോകുമ്പോൾ ഞങ്ങൾ ആ പത്തു വർഷങ്ങൾക്ക് മുൻപുള്ള അഞ്ജനയും നീരജും ആയിരുന്നു…..

NB: ഇത് പോലെയുള്ള വിശേഷ ദിവസങ്ങളിൽ ഭാര്യയോ ഭർത്താവോ ആഗ്രഹിക്കുന്നത്, അവർക്ക് കൂടുതൽ സന്തോഷമേകുന്നത് വില കൂടിയ സമ്മാനങ്ങളെക്കാൾ ചേർത്തു പിടിച്ചുകൊണ്ട് നമ്മുടെ മനസിൽ നിന്ന് പറയുന്ന ഒരാശംസ മാത്രം മതിയാകും….

ഇന്ന് എന്റെ ചങ്ക് ഫ്രണ്ടിന്റെ wedding anniversary ആണ്.. അവരെ മനസിൽ കണ്ടു കൊണ്ടു തന്നെയാണ് ഞാൻ ഇത് എഴുതിയത്… എന്റെ ചങ്ക് ഫ്രണ്ട് അഞ്ജുവിനും ഷാൻ ചേട്ടനും വേണ്ടി ഞാൻ ഈ രചന സമർപ്പിക്കുന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

Scroll to Top