രചന : സജി തൈപ്പറമ്പ്.
മോളേ ..നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് ,പിന്നെന്തിനാ നീ കൂടുതൽ ആലോചിക്കുന്നത്
എന്താണമ്മേ എൻ്റെ കുറവ്? ഞാനൊന്ന് കേൾക്കട്ടെ ,എനിക്കെന്താ അംഗവൈകല്യങ്ങളുണ്ടോ? അതോ ഞാൻ വിരൂപയാണോ ?ഏതൊരാളും കണ്ടാൽ ഇഷ്ടപ്പെടുന്ന സൗന്ദര്യമെനിക്കില്ലേ?
സ്കൂളിലോ, കോളേജിലോ പഠിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും ഞാൻ പേര്ദോഷം കേൾപ്പിച്ചിട്ടുണ്ടോ?
പിന്നെന്ത് കുറവിനെക്കുറിച്ചാണ് അമ്മ എപ്പോഴും പറയുന്നത്?
രോഷത്തോടെയാണവൾ അമ്മയോട് ചോദിച്ചത്
അതല്ല മോളേ.. ചാരിത്ര്യം നഷ്ടമായ നിന്നെ ഭാര്യയായി സ്വീകരിക്കാൻ, വേറെ ആരെങ്കിലും വരുമെന്ന് എനിക്ക് തോന്നുന്നില്ല
മ്ഹും, എനിക്ക് ചാരിത്ര്യം നഷ്ടമായത് ഞാനാരോടും വിധേയത്വം പുലർത്തിയത് കൊണ്ടല്ലല്ലോ ?
ആണോ ? കുറെ ദുഷ്ടന്മാർ ചേർന്നിട്ടെന്നെ നശിപ്പിച്ചിട്ടല്ലേ?
അത് പിന്നെ എങ്ങനെയാ എൻ്റെ കുറവാകുന്നത്?
പിന്നെ ഈ സദാനന്ദൻ ചേട്ടനെന്ന് പറയുന്നയാൾ രണ്ടാം കെട്ടുകാരനല്ലേ ? എന്നെക്കാൾ പത്ത്പന്ത്രണ്ട് വയസ്സ് മൂപ്പുമുണ്ടയാൾക്ക്,
വെറുതെയൊന്നുമല്ലല്ലോ അയാളെന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് വന്നത്? എൻ്റെ അച്ഛൻ്റെ സകലസ്വത്തുക്കളുടെയും ഏക അവകാശി ഞാൻ മാത്രമാണെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ?
ഇതൊക്കെ നിൻ്റെ വെറും തോന്നലുകളാണ് മോളേ?
നമ്മളെക്കാൾ വലിയ തറവാട്ട്കാരാണവർ,
അവനിവിടുത്തെ സ്വത്തിനൊന്നും ആവശ്യമില്ല ,പിന്നെ മോൾക്കറിയുമോ?
രണ്ടും മൂന്നും കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾക്ക് പോലും ഭർത്താക്കൻമാരെ കിട്ടാൻ യാതൊരു പ്രയാസവുമില്ല, പക്ഷേ പീഡനക്കേസിലെ ഇരയാണെന്ന് അറിഞ്ഞ് കൊണ്ട് ഒരു സ്ത്രീയെ ഭാര്യയാക്കാൻ ഒരാളും തയ്യാറാവില്ല അങ്ങനെ നോക്കുമ്പോൾ പ്രായവും രണ്ടാം കെട്ടുമൊന്നും അത്ര വലിയ കാര്യമല്ല മോളേ …
പെൺമക്കള് പ്രായമായി കഴിഞ്ഞാൽ അവരെ ആണൊരുത്തൻ്റെ കൈയ്യിൽ പിടിച്ചേൽപിക്കുന്നത് വരെ മാതാപിതാക്കൾക്ക് ഒരു സമാധാനവും കാണില്ല നിനക്കറിയാമല്ലോ? ഞങ്ങടെ കല്യാണം കഴിഞ്ഞ് പത്ത് പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിന്നെ ഞങ്ങൾക്ക് മകളായി കിട്ടുന്നത്, അന്ന് മുതൽ തലയിലും, തറയിലും വയ്ക്കാതെ വ*ളർത്തി കൊണ്ട് വന്നതാ നിന്നെ, പക്ഷേ നിൻ്റെ ചോരയൂറ്റി കുടിക്കാൻ അവസരം കാത്ത് ,ഒരുകൂട്ടം ചെന്നായ്ക്കൾ നിന്നെ പിന്തുടരുന്നുണ്ടെന്ന് മുൻകൂട്ടി അറിയാൻ ഞങ്ങൾക്ക് കഴിയാതെ പോയി ,
ഇനിയിപ്പോൾ അതൊന്ന്മോർത്തിട്ട് കാര്യമില്ലെന്നറിയാം , ഞങ്ങൾക്ക് രണ്ട് പേർക്കും വയസ്സായി കൊണ്ടിരിക്കുവാ , മരിക്കുന്നതിന് മുമ്പ് നിൻ്റെ ജീവിതമൊന്ന് ഭദ്രമായി കാണണമെന്നാ ഞങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹം, നിനക്ക് ഞങ്ങളോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ, ആലോചിച്ചിട്ട് രണ്ട് ദിവസത്തിനള്ളിൽ നീയൊരു മറുപടി പറയണം കെട്ടോ?,
ശരി എന്നാൽ നീ കിടന്നോ? ഞാൻ പോകുവാ,
സങ്കടം പറച്ചില് കഴിഞ്ഞ് അമ്മ മുറിയിൽ നിന്ന് പോയപ്പോൾ ഒരു തളർച്ചയോടെ അവൾ കട്ടിലിലേക്ക് ചാഞ്ഞു
അമ്മ പറഞ്ഞത് ശരിയാണ് വിവാഹത്തിന് മുൻപ് ഒരു പെൺകുട്ടിക്ക് വേണ്ട പവിത്രതയൊന്നും തൻ്റെ ശരീരത്തിലില്ല ,സ്വന്തം കുറ്റം കൊണ്ടല്ലെങ്കിലും എല്ലാം നഷ്ടപ്പെട്ടവളാണ് താൻ തന്നെ ഈ അവസ്ഥയിലെത്തിച്ചവൻമാരെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള വൈരാഗ്യം മനസ്സിലിപ്പോഴും ഒരു കനലായ് എരിയുന്നുണ്ട് ,പക്ഷേ എന്ത് കാര്യം?അവരൊക്കെ ഇരുമ്പഴിക്കുള്ളിലായിപ്പോയില്ലേ?
തത്ക്കാലം എല്ലാം മറക്കാം എന്നിട്ട് തന്നെയോർത്ത് ഓരോ ദിനവും എരിഞ്ഞ് കൊണ്ടിരിക്കുന്ന പാവം അച്ഛൻ്റെയും അമ്മയുടെയും ആഗ്രഹത്തിനൊപ്പം നില്ക്കാം
അവളുടെ സമ്മതം കിട്ടിയപ്പോൾ പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു
വിവാഹം കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് അവൾ ഭർത്താവിനോടൊപ്പം അയാളുടെ വീട്ടിലെത്തിയത്
അവിടെ ,അവരെ സ്വീകരിക്കാൻ പ്രായമായ അയാളുയെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്
ഇവിടെ മറ്റാരുമില്ലേ?
മുറിയിലെത്തിയപ്പോൾ, ജിജ്ഞാസയോടെ അവൾ ചോദിച്ചു.
ഇല്ല ഇവിടെ ഞാനും അമ്മയും മാത്രമേയുള്ളു ,അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞങ്ങൾക്ക് കുട്ടികളൊന്നുമുണ്ടായിട്ടില്ല അല്ല, അതിനവൾ തയ്യാറുമല്ലായിരുന്നു, പ്രസവിച്ചാൽ സൗന്ദര്യം പോകുമെന്ന പേടിയായിരുന്നു അവൾക്ക് ,ഒരു കുട്ടിയെങ്കിലും വേണമെന്ന് ഞാൻ വാശി പിടിച്ചപ്പോൾ മുതലാണ് ഞങ്ങളുടെ അകൽച്ചയ്ക്ക് ആക്കം കൂടിയത്,
പിന്നെ ഒത്ത് പോകാൻ കഴിയില്ലെന്നുറപ്പായപ്പോഴാണ് മ്യൂച്ചൽ ഡൈവോഴ്സിന് തീരുമാനമെടുത്തത്
തനിക്കിവിടവുമായി പൊരുത്തപ്പെട്ട് വരാൻ കുറച്ച് സമയമെടുക്കുമെന്നെനിക്കറിയാം ,ഒന്നാമത് തൻ്റെ സങ്കല്പത്തിലുള്ളൊരു ഭർത്താവേ അല്ല ഞാൻ,
പിന്നെ ഒരു പാട് അംഗങ്ങളും കളിയും ചിരിയുമൊക്കെയുള്ള വീടുമല്ലിത് ,ഇതൊക്കെ അറിയാമായിരുന്നിട്ടും, പിന്നെന്തിനാടോ താനെന്നെ ഇങ്ങോട്ട് കെട്ടിയെടുത്തോണ്ട് വന്നതെന്നല്ലേ?
താനിപ്പോൾ ആലോചിക്കുന്നത് ?,അത് തന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാടോ,
ആദ്യ ഭാര്യ, ബന്ധം വേർപെടുത്തിപ്പോയപ്പോൾ അമ്മയുടെ നിർബന്ധപ്രകാരമാണ് രണ്ടാം കല്യാണത്തിന് ഞാനൊരുങ്ങിയത് ,
അപ്പോൾ മനസ്സിലേക്ക് ആദ്യമായി കടന്ന് വന്നത് തൻ്റെ മുഖമായിരുന്നു, അതിന് ഒരു കാരണമുണ്ടായിരുന്നു,
അഞ്ച് കൊല്ലം മുൻപ് എൻ്റെ ആദ്യവിവാഹാലോചന നടന്നപ്പോൾ ,നിന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ഞാനെൻ്റെ കൂട്ടുകാരോട് പറഞ്ഞു
അത് കേട്ട് കൂട്ടുകാരെല്ലാം ചേർന്ന് എന്നെ പുച്ഛിച്ചു ,നിന്നെക്കാൾ പത്ത് പന്ത്രണ്ട് വയസ്സ് ഇളപ്പമുള്ള പെണ്ണിനെ ആലോചിച്ച് അങ്ങോട്ട് ചെന്നാൽ, അവള് ചൂലെടുത്തടിക്കുമെന്ന് അവര് പറഞ്ഞു,
അങ്ങനെയാണ് ആ മോഹം ഞാൻ മനസ്സിൽ തന്നെ കുഴിച്ച് മൂടിയത് ,പിന്നെ അവര് തന്നെയാണ് ഇപ്പോൾ വീണ്ടുമെന്നോട് കളിയാക്കി പറഞ്ഞത്, ഇനി വേണമെങ്കിൽ നിനക്കവളെ ആലോചിക്കാമെന്ന്, അവരെന്താണങ്ങനെ പറഞ്ഞതെന്ന് എനിക്കറിയാമായിരുന്നു,
പക്ഷേ അത് കൊണ്ട് മാത്രമല്ല, ഞാൻ ധൈര്യമായിട്ട് തന്നെ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചത് ,ആ പഴയ ഇഷ്ടം ഇപ്പോഴും ഉള്ളത് കൊണ്ട് തന്നെയായിരുന്നു,
എന്നിട്ടും ,നീ സമ്മതിക്കുമോയെന്ന സംശയമെനിക്കുണ്ടായിരുന്നു ,
കഴിഞ്ഞ ദിവസം, നിനക്കെതിർപ്പൊന്നുമില്ലെന്നറിഞ്ഞപ്പോഴാണ്, സത്യത്തിൽ എനിക്കൊരു സമാധാനമായത്, ഞാനൊരു ഭാഗ്യവാനാണ് ,കാരണം പണ്ട് മുതലേ ആത്മാർത്ഥമായി ഞാനെന്ത് ആഗ്രഹിച്ചാലും ഇന്നല്ലെങ്കിൽ നാളെ, എനിക്കത് കിട്ടുമായിരുന്നു,
ഇപ്പോൾ നിന്നെയും ദൈവം എനിക്ക് തന്നു
ഞാനിപ്പോൾ സംതൃപ്തനാണ്, അല്ലാ ഞാനിത്രയൊക്കെ പറഞ്ഞിട്ടും, താനൊരു മറുപടിയും പറഞ്ഞില്ലല്ലോ? തനിക്കെന്നോട് നീരസമൊന്നുമില്ലല്ലോ, അല്ലേ?
അയാളുടെ ചോദ്യത്തിലെ നിഷ്കളങ്കത അവളെ വല്ലാതെ ആകർഷിച്ചു
സത്യം പറയാമല്ലോ? കുറച്ച് മുമ്പ് വരെ എൻ്റെ അമ്മയ്ക്കും, അച്ഛനും വേണ്ടിയാണല്ലോ ഞാനീ ത്യാഗം സഹിക്കുന്നതെന്ന തോന്നലായിരുന്നു എനിക്ക്, പക്ഷേ ഇപ്പോൾ അവരോടെനിക്ക് ഒത്തിരി ബഹുമാനം തോന്നുന്നു ,മകൾക്ക് വേണ്ടി അവർ കണ്ടെത്തിയത് , കിട്ടാവുന്നതിൽ വച്ച് എറ്റവും നല്ലൊരു ഇണയെ തന്നെയാണെന്ന് എനിക്കിപ്പോൾ ബോധ്യമായി
അത് കേട്ടയാൾ സന്തോഷത്തോടെ അവളെ ആലിംഗനം ചെയ്തു
ലൈക്ക് കമന്റ് ചെയ്യണേ
രചന : സജി തൈപ്പറമ്പ്.