രചന : സൂര്യകാന്തി (Jisha Raheesh)
സമ്മാനങ്ങൾ…
ആലീസ് അവസാന ബോക്സും വർണ്ണകടലാസ് കൊണ്ടു പൊതിഞ്ഞു മേശപ്പുറത്തേയ്ക്ക് വെക്കുമ്പോഴാണ് ജോയിയും അലീനയും മുറിയിലേയ്ക്ക് വന്നത്..
“ഈ മമ്മയ്ക്ക് ഇതെന്നാത്തിന്റെ കേടാ..വയ്യാണ്ടിരിക്കുമ്പോഴും ഇതൊക്കെ പൊതിഞ്ഞു കെട്ടി കൊടുത്തയയ്ക്കാൻ..?”
അലീന മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു..
ആലീസ് മറുപടി ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ..
അലീന പപ്പയെ നോക്കി, അയാളുടെ കണ്ണുകൾ ആലീസിലായിരുന്നു.. ആ ചുണ്ടുകളിൽ നേർത്തൊരു ചിരിയുണ്ടായിരുന്നു..
ലിവിങ് റൂമിൽ നിന്നും മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് അതെടുക്കാൻ നടക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെപ്പോഴോ താൻ ചോദിച്ചത് അയാളോർത്തു….
“ശമ്പളത്തിൽ നിന്നുമൊരു തുക നമ്മൾ ഓർഫനേജിലേയ്ക്ക് കൊടുക്കുന്നുണ്ട്.. അത് കൂടാതെ ഇടയ്ക്കിടെ ഇങ്ങനെ സമ്മാനങ്ങളൊക്കെ വാങ്ങി പൊതിഞ്ഞു കെട്ടി അയയ്‌ക്കേണ്ട വല്ല കാര്യോമുണ്ടോ കൊച്ചേ..?”
അതിനും ആലീസ് ആദ്യമൊന്ന് പുഞ്ചിരിച്ചതേയുള്ളൂ..
പിന്നെ പറഞ്ഞതൊക്കെ മനസ്സിലാക്കാനായെങ്കിലും,
അതിന്റെ പൂർണ്ണവ്യാപ്തി തനിക്കിന്നും അറിയാനാവാത്തത്,ഒരു പക്ഷേ അല്ലലും ദാരിദ്രവുമൊന്നുമറിയാത്ത, സമ്പന്നതയിൽ വളർന്ന ഒരു കുട്ടിക്കാലം ഉണ്ടായതാവാം.. ഇന്ന് അലീനയ്ക്ക് മമ്മയുടെ പ്രവൃത്തികൾ പൂർണ്ണമായും മനസ്സിലാക്കാനാവാത്തതും ഒരു പക്ഷേ അതു തന്നെയാവാം..
ഒന്നറിയാം.. വർഷങ്ങളായി തുടരുന്ന ആ പ്രവൃത്തി.. ആലീസിന്റെ മനസ്സിന് അതൊരു സംതൃപ്തി നൽകുന്നുണ്ട്.. സന്തോഷവും..
അതിനൊപ്പം ഏതൊക്കെയോ കുഞ്ഞുമനസ്സുകൾ കൂടെ സന്തോഷിക്കുന്നുണ്ടെങ്കിൽ..അത് മതി തനിക്കും….
സമ്മാനങ്ങൾ നൽകുന്നത് പോലെ അത് സ്വീകരിക്കുന്നതിലും ആലീസ് അങ്ങനെ തന്നെയായിരുന്നു..
അതിപ്പോൾ തോട്ടത്തിൽ നിന്നും പറിച്ചു നൽകുന്ന കുഞ്ഞുപൂവാണെങ്കിലും വില കൂടിയ ആഭരണങ്ങളോ വസ്ത്രങ്ങളോ ആണെങ്കിലും ആ കണ്ണുകളിൽ തെളിയുന്ന സന്തോഷം ഒരേയളവിലായിരിക്കും..
അലീന മുറിയിൽ നിന്നും പുറത്തേയ്ക്ക് നടക്കുമ്പോൾ ആലീസ് കിടന്നിരുന്നു.. ആലീസിന്റെ കണ്ണുകൾ പതിയെ മേശപ്പുറത്തിരിക്കുന്ന കുഞ്ഞു കുഞ്ഞു വർണ്ണപൊതികളിൽ എത്തി നിന്നു..
വർഷങ്ങൾക്കപ്പുറമുള്ള ചില കാഴ്ചകൾ ഉള്ളിൽ തെളിഞ്ഞുവന്നു …
ഏഴാം ക്ലാസ്സിലെ പരീക്ഷാഫലം നോക്കാൻ പോയി, ഓടിക്കിതച്ചു വീട്ടിലെത്തി ആലീസ് മുറ്റത്ത് നിന്നും വിളിച്ചു പറഞ്ഞു..
“അമ്മച്ച്യേ ഞാൻ ജയിച്ചു..”
അയല്പക്കത്തെ വലിയ വീടുകളിലെ ജോലി കഴിഞ്ഞു വന്നു ചായ്‌പ്പിലെ കയറ്റുകട്ടിലിൽ ഒന്ന് തല ചായ്ച്ചതേയുണ്ടായിരുന്നുള്ളൂ മേരി…
“നീയ്യിങ്ങനെ കെടന്നലറാതെ കൊച്ചേ.. നീ അങ്ങനെയൊന്നും തോൽക്കത്തില്ലെന്ന് എനിക്കറിയത്തില്ല്യോ..”
ആലീസ് വാതിൽക്കൽ എത്തിയിരുന്നു..
“ചെന്നാ കല്ലുംപുറത്തെ കൊച്ചിന്റെ പൊസ്തകങ്ങളൊക്കെ വാങ്ങിക്കൊണ്ട് പോരേ കൊച്ചേ..
വൈകിയാൽ വേറെയാരാണ്ടും വാങ്ങിച്ചേച്ചും പോകും..”
ആലീസ് തലയാട്ടി, ഉത്സാഹത്തോടെ പുറത്തേക്കിറങ്ങി..
“ജൻസി,ദേണ്ടെ ആ കുരീക്കലെ കൊച്ച് നെന്റെ പഴേ പുസ്തകത്തിനു വന്നേക്കുന്നു.. അതൊന്ന് എടുത്തു കൊടുത്തേരെ, നെന്നെപോലെയല്ല നല്ലോണം പഠിക്കണ കൊച്ചാ..”
കല്ലുംപുറത്തെ വടക്കേ മുറ്റത്ത് നിന്നും ആലീസ് കേൾക്കുന്നുണ്ടായിരുന്നു, അന്നമ്മച്ചി ജൻസിയോട് വിളിച്ചു പറയുന്നത്..
കടന്നൽ കുത്തി വീർത്ത പോലെയെന്നോണമുള്ള മുഖവുമായാണ് ജൻസി പുസ്തകക്കെട്ടുമായി പുറത്തേയ്ക്ക് വന്നത്..
അവജ്ഞയോടെ തന്റെ നേരെ നീട്ടിയ പാഠ പുസ്തകങ്ങൾ ഏറ്റു വാങ്ങുമ്പോൾ ആലീസിന്റെ മുഖത്ത് നന്ദിയുടെ ചിരി തെളിഞ്ഞിരുന്നു..
പുസ്തകക്കെട്ടുമായി കല്ലുംപുറത്തെ മുറ്റത്തു കൂടെ നടന്നകലുന്ന ആലീസിനെ നോക്കി നിൽക്കുന്ന രണ്ടു കണ്ണുകളെ അവൾ കണ്ടിരുന്നില്ല..
ആലീസിനോടുള്ള ജോയിയുടെ ഇഷ്ടം അപ്പോഴേക്കും അവന്റെ മനസ്സിൽ വേരുറച്ച് കഴിഞ്ഞിരുന്നു..
ആലീസ് അകത്തേയ്ക്ക് കയറുമ്പോൾ അകമുറിയിൽ നിന്നും അപ്പച്ചന്റെ ചുമ കേൾക്കുന്നുണ്ടായിരുന്നു.
എല്ലുമുറിയെ പണിയെടുത്തു ഭാര്യയെയും മക്കളെയും പോറ്റുന്നവനായിരുന്നു ദേവസി.. മരമില്ലിലുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലായിട്ട് വർഷം മൂന്നാലായി.. മേരി അയല്പക്കത്തെ വീടുകളിൽ ജോലി ചെയ്താണ് കുടുബം പുലർത്തുന്നത്..
പഴയ പത്രക്കടലാസുകൾ കൊണ്ടു പുസ്തകങ്ങൾ പൊതിയുമ്പോൾ ആലീസ് ഓർത്തു.. താനടക്കം മൂന്നാല് കുട്ടികളൊഴികെ ബാക്കിയെല്ലാവർക്കും പുതിയ പുസ്തകങ്ങളുണ്ടാവും… പുതുമണം മാറാത്ത യൂണിഫോമും ബാഗുകളും ഉണ്ടാവും..
വരയ്ക്കാൻ തനിക്ക് വല്യ ഇഷ്ടമായിരുന്നു.. നല്ല കഴിവുണ്ട്,മത്സരത്തിലൊക്കെ പങ്കെടുക്കണമെന്നും മാഷ് പറഞ്ഞത് കൊണ്ടായിരുന്നു അന്ന് അമ്മച്ചിയോടു ഒരു വാട്ടർ കളർ ബോക്സ് വാങ്ങിത്തരാൻ കെഞ്ചിയത്.. തന്റെ ശല്യം സഹിക്കാതെയാവണം അന്ന് അമ്മച്ചി ചാക്കോ മാപ്പിളയുടെ കടയിൽ ചെന്നത്..
കടം വാങ്ങാൻ ചെന്ന അമ്മച്ചിയെ അപമാനിച്ചു അയാൾ തിരിച്ചയച്ചപ്പോൾ മുറിഞ്ഞത് തന്റെ മനസ്സായിരുന്നു…
അതിൽ പിന്നെ ഒരാഗ്രഹവും തൊണ്ടക്കുഴിയിൽ നിന്നും ശബ്ദങ്ങളായി പുറത്തേയ്ക്ക് വന്നിട്ടില്ലിത് വരെ..
അമ്മാച്ചന്റെ മക്കൾ അവരുടെ അമ്മയുടെ ആങ്ങള ഗൾഫിൽ നിന്നും കൊണ്ടുകൊടുത്ത പുത്തൻ വസ്ത്രങ്ങളും ബാഗും പേനകളും ചോക്ലേറ്റുമൊക്കെ കാണിക്കുമ്പോൾ, കൊതിയോടെ നോക്കി നിൽക്കുമ്പോൾ കണ്ണിലെ സങ്കടം അമ്മച്ചി കാണാതിരിക്കാൻ ശ്രെദ്ധിച്ചിരുന്നു..
“നമ്മക്കും ആരേലുമൊക്കെ ഗൾഫിലൊക്കെ ഉണ്ടായിരുന്നേൽ ഇതൊക്കെ കൊണ്ടു തന്നേനെ ല്ലേ ലിസേച്ചി..?”
നാലു വയസ്സിനിളയവനായ സിബി തന്നോട് ചോദിക്കുന്നത് കേട്ടാണ് അമ്മച്ചി പറഞ്ഞത്..
“ആരോരുമില്ലാത്തോർക്ക് കർത്താവുണ്ടാവും കൂട്ടിന്..”
ഒരിക്കൽ കൂട്ടുകാരി സീന കൊണ്ടു വന്ന ഒരു ഫൗണ്ടൻ പേന കൊതിയോടെ നോക്കിയപ്പോഴാണ് നീയിതെടുത്തോ എനിക്ക് വേറെയുണ്ടെന്ന് അവൾ പറഞ്ഞത്..
വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധിച്ചപ്പോൾ അത് താനെടുത്തു.. അത്രമേൽ അത് തന്നെ മോഹിപ്പിച്ചിരുന്നു..
പക്ഷെ പിറ്റേന്ന് ക്ലാസ്സിൽ എത്തിയപ്പോൾ വിളറിയ മുഖത്തോടെയാണ് സീന തന്നെ സമീപിച്ചത്..
അമ്മ വഴക്ക് പറഞ്ഞു, പേന തിരിച്ചു കൊണ്ടു ചെല്ലണമെന്ന് പറഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചിരുന്നു..
ചിരിയോടെ തന്നെ ആ ഫൗണ്ടൻ പേന അവളെ തിരിച്ചേൽപ്പിക്കുമ്പോൾ ഉള്ളം വിങ്ങി പൊട്ടിയിരുന്നു..
സിബിച്ചനെ പോലെ തന്നെ,തങ്ങൾക്കും സമ്മാനങ്ങൾ തരാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നുവെങ്കിലെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചു പോയിട്ടുണ്ട്..
ജോയി പ്രണയം പറഞ്ഞു വന്നപ്പോൾ ആദ്യം ഭയമായിരുന്നു.. പ്രതാപികളായ കല്ലുംപുറത്ത് കുടുംബത്തിലെ ചെക്കനെ പ്രേമിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.. പക്ഷെ ആ തിളങ്ങുന്ന കണ്ണുകൾ എപ്പോഴോ ഉള്ളം കീഴടക്കിയിരുന്നു….
വിവാഹത്തിന് ജോയിയുടെ അപ്പച്ചൻ സമ്മതിച്ചില്ല..
ആരുടേയും സമ്മതം വേണ്ടെന്ന ജോയിയുടെ നിലപാടിനെ തിരുത്തിയത് താനായിരുന്നു..
കാത്തിരുന്നു ഒരുപാട് കാലം..
ഒടുവിൽ ജോയിയുടെ മണവാട്ടിയായി കല്ലുംപുറത്ത് വന്നുകയറുമ്പോൾ ആശീർവാദവും സ്നേഹവും ചൊരിഞ്ഞു സ്വീകരിക്കാൻ അന്നാമ്മച്ചിയുണ്ടായിരുന്നു
റവന്യൂ വകുപ്പിൽ ജോലി കിട്ടി ആദ്യ ശമ്പളം അമ്മച്ചിയെ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.. ഓർഫനേജിലേയ്ക്ക് കൊടുക്കാനുള്ള തുകയ്ക്ക് പുറമെ ഭംഗിയുള്ള കടലാസ്സുകളിൽ പൊതിഞ്ഞ പാവകളും ചായപ്പെൻസിലുകളുമൊക്കെ കണ്ടപ്പോഴാണ് അമ്മച്ചി വിങ്ങി പൊട്ടിയത്..
അന്ന് തൊട്ട് ഇന്ന് വരെ മുടക്കം വരുത്തിയിട്ടില്ല.. ആരോരുമില്ലാത്ത ഓർഫനേജിലെ കുട്ടികൾക്കായുള്ള കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ അവിടെ എത്തിയ്ക്കുമ്പോൾ, പണ്ട് ആരെങ്കിലും തനിക്കും ഇങ്ങനെ തരാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഓർത്തിരുന്നതാണ് മനസ്സിൽ തെളിയാറുള്ളത്..
ആലീസിന്റെ മിഴികളിൽ ഉറക്കം അലയടിച്ചു..
ചെറിയൊരു ആക്സിഡന്റ്.. കാലിലെ എല്ലിന് ചെറിയൊരു പൊട്ടലുണ്ട്.. തനിക്കൊരു പനി വന്നാൽ പോലും പപ്പയ്ക്കും മക്കൾക്കും വേവലാതിയാണ്..
ആലീസിന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു..
ദിവസങ്ങൾക്കിപ്പുറം തെല്ലുദൂരെയാ അനാഥമന്ദിരത്തിന്റെ വരാന്തയിൽ ആ വർണ്ണപൊതി അഴിക്കുമ്പോൾ ആ കുഞ്ഞു കണ്ണുകളിൽ ആകാംഷയായിരുന്നു..
ദിവസങ്ങൾക്കു മുൻപ് കിട്ടാൻ ഒരു വഴിയുമില്ലെന്ന് അറിയാമായിരുന്നിട്ടും താൻ ആഗ്രഹിച്ച, ചായങ്ങളും ബ്രഷുകളും ഡ്രോയിങ് ഷീറ്റുകളും ആ ബോക്സിൽ അടുക്കി വെച്ചത് കണ്ടപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു.. മനസ്സും..
ലൈക്ക് കമന്റ് ചെയ്യണേ
രചന : സൂര്യകാന്തി (Jisha Raheesh)